വത്തിക്കാന്‍ സിറ്റി – ഗാസയിലെ ഇസ്രായില്‍ സൈനിക നീക്കങ്ങളെ അതിശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയിലെ മാനുഷിക സ്ഥിതിഗതികള്‍ വളരെ ഗുരുതരവും ലജ്ജാകരവുമാണെന്ന് മാര്‍പ്പാപ്പ വിശേഷിപ്പിച്ചു. ഗാസയിലെ ഇസ്രായില്‍ സൈനിക നടപടികളെ സമീപകാലത്ത് പലതവണ മാര്‍പ്പാപ്പ വിമര്‍ശിച്ചിരുന്നു. വൈദ്യുതി പോലും ഇല്ലാത്ത ഗാസയില്‍ ശൈത്യകാല തണുപ്പ് മൂലമുണ്ടായ മരണങ്ങളെ കുറിച്ച് പരാമര്‍ശിച്ചാണ് മാര്‍പ്പാപ്പ ഇസ്രായിലിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്. സിവിലിയന്മാരെ ബോംബെറിഞ്ഞ് കൊല്ലുന്നത് ഞങ്ങള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആശുപത്രികള്‍ നശിപ്പിക്കപ്പെട്ടതിനാലോ ഒരു രാജ്യത്തിന്റെ ഊര്‍ജ ശൃംഖല തകര്‍ന്നതിനാലോ കുട്ടികള്‍ മരവിച്ച് മരിക്കുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് നടത്തിയ വാര്‍ഷിക പ്രസംഗത്തിലാണ് മാര്‍പ്പാപ്പ ഗാസയില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചത്. ചടങ്ങില്‍ സന്നിഹിതനായിരുന്നെങ്കിലും ജലദോഷത്തില്‍ നിന്ന് പൂര്‍ണമായും സുഖം പ്രാപിക്കാത്തതിനാല്‍ തന്റെ പ്രസംഗം വായിക്കാന്‍ ഒരു സഹായിയോട് മാര്‍പ്പാപ്പ ആവശ്യപ്പെടുകയായിരുന്നു. 88 കാരനായ പോപ്പ് യഹൂദവിരുദ്ധതയെയും പ്രസംഗത്തില്‍ അപലപിച്ചു. ഉക്രൈന്‍ യുദ്ധവും ലോകമെമ്പാടുമുള്ള മറ്റ് സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത മാര്‍പ്പാപ്പ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
വത്തിക്കാനില്‍ 184 രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ ഭാഗമായിരുന്നു ഈ പരാമര്‍ശങ്ങള്‍. വത്തിക്കാനിലെ ഇസ്രായിലി അംബാസഡറും പരിപാടിയില്‍ സന്നിഹിതനായിരുന്നു. 1.4 ബില്യണ്‍ അംഗങ്ങളുള്ള റോമന്‍ കത്തോലിക്കാ സഭയുടെ നേതാവായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംഘര്‍ഷങ്ങളില്‍ പക്ഷം പിടിക്കാതിരിക്കാന്‍ സാധാരണയായി പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. എന്നാല്‍ അടുത്തിടെ പലസ്തീനില്‍ ഹമാസിനെതിരെയുള്ള ഇസ്രായിലിന്റെ സൈനിക നീക്കങ്ങളെ കുറിച്ച് അദ്ദേഹം കൂടുതല്‍ തുറന്നുപറയുകയും ഈ ആക്രമണം പലസ്തീന്‍ ജനതയുടെ വംശഹത്യയാണോ എന്ന് ആഗോള സമൂഹം പഠിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ഒരു ഇസ്രായില്‍ മന്ത്രി ഡിസംബറില്‍ പോപ്പിനെ പരസ്യമായി അപലപിച്ചിരുന്നു.
സെമിറ്റിക് വിരുദ്ധതയെ അപലപിക്കുന്നതായും സെമിറ്റിക് വിരുദ്ധ ഗ്രൂപ്പുകളുടെ വളര്‍ച്ച അഗാധമായ ആശങ്കക്ക് കാരണമാകുന്നതായും പോപ്പ് പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്നതിലേക്ക് നയിച്ച ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. മൂന്ന് വര്‍ഷമായി വളരെയധികം രക്തച്ചൊരിച്ചിലുകള്‍ക്ക് കാരണമായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുഴുവന്‍ അന്താരാഷ്ട്ര സമൂഹവും പ്രവര്‍ത്തിക്കണമെന്നാണ് 2025-ലെ എന്റെ ആഗ്രഹം -അദ്ദേഹം പറഞ്ഞു.
സുഡാന്‍, മൊസാംബിക്, മ്യാന്‍മര്‍, നിക്കരാഗ്വ എന്നിവ അടക്കമുള്ള രാജ്യങ്ങളിലെ സംഘര്‍ഷങ്ങളെയും മാര്‍പ്പാപ്പ അഭിസംബോധന ചെയ്തു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെയും സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിന്റെയും പ്രത്യാഘാതങ്ങളെ നേരിടാന്‍ നടപടിയെടുക്കണമെന്ന തന്റെ പതിവ് ആഹ്വാനങ്ങളും അദ്ദേഹം ആവര്‍ത്തിച്ചു.