ജിദ്ദ – ഉംറ വിസയില്‍ സൗദിയിലേക്ക് വരുന്നവരും ഉംറ നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെ മറ്റു വിസകളില്‍ സൗദിയിലേക്ക് വരുന്നവരും ആവശ്യമായ വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സൗദി വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികളും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സൗദി എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ അയച്ചു.
നൈസീരിയ മെനിഞ്ചൈറ്റിസ് അടക്കം ആവശ്യമായ മുഴുവന്‍ വാക്‌സിനുകളും യാത്രക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ മന്ത്രാലയ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുള്ള ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഉംറ വിസയില്‍ സൗദിയിലേക്ക് വരുന്ന യാത്രക്കാരെയും ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിച്ച് മറ്റു വിസകളില്‍ സൗദിയിലേക്ക് വരുന്നവരെയും വിമാന കമ്പനികളും നിർബന്ധമായും അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്നും വിമാന കമ്പനികള്‍ ഉറപ്പുവരുത്തണം. പോളിസാക്കറൈഡ് ഇനത്തില്‍ പെട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദിയിലെത്തുന്നതിനു ചുരുങ്ങിയത് പത്തു ദിവസം മുമ്പു മുതല്‍ രണ്ടു വര്‍ഷം മുമ്പു വരെ ഇഷ്യു ചെയ്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്. കോന്‍ജുഗേറ്റഡ് (സംയോജിത) ഇനത്തില്‍ പെട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ ചുരുങ്ങിയത് പത്തു ദിവസം മുമ്പു മുതല്‍ അഞ്ചു വര്‍ഷം മുമ്പു വരെ ഇഷ്യു ചെയ്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്. ഒരു വയസില്‍ കുറവ് പ്രായമുള്ള കുട്ടികളെ മെനിഞ്ചൈറ്റിസ് വാക്‌സിനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യാത്രക്കാര്‍ ട്രാന്‍സിറ്റ് ആയി കടന്നുപോകുന്ന രാജ്യങ്ങളും അന്തിമ ലക്ഷ്യസ്ഥാനമായ രാജ്യങ്ങളും നിര്‍ണയിക്കുന്ന രേഖകള്‍ യാത്രക്കാരുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിമാനത്തില്‍ കയറുന്ന പോയിന്റില്‍ വെച്ച് വിമാന കമ്പനികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലറുകള്‍ പാലിക്കാതിരിക്കുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ നഗ്നമായ ലംഘനമായി കണക്കാക്കപ്പെടും. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുകയും നിയമ ലംഘനം കാരണമായ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ അവരെ ബാധ്യസ്ഥമാക്കുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജിന്റെ ഒപ്പോടെ പുറത്തിറക്കിയ സര്‍ക്കുലര്‍ പറഞ്ഞു.