കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍. വയനാട്ടില്‍നിന്നു രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് സംഘം രാത്രിയോടെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷമാകും മജിസ്ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കുക. ഇത് ഇന്നു തന്നെ ഉണ്ടാകുമോ അതോ നാളെ ആയിരിക്കുമോ സംഭവിക്കുക എന്നതാണ് ഇനി അറിയാനുള്ളത്. നിലവില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എന്നതിനാല്‍ ജാമ്യം നല്‍കുക മജിസ്ട്രേറ്റിന്റെ വിവേചനാധികാരത്തില്‍ വരുന്ന കാര്യമാണ്.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെയാണ് ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നല്‍കിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തേ താന്‍ ബോബി ചെമ്മണ്ണൂരില്നിന്ന് നേരിട്ട ദ്വയാര്‍ഥം കലര്‍ന്ന ലൈംഗികാധിക്ഷേപങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളും അടക്കമുള്ളവ വ്യക്തമാക്കിയാണ് ഹണി റോസ് പൊലീസിനു പരാതി നല്‍കിയത്. കണ്ണൂര്‍ ആലക്കോട് ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളടക്കം ഹണി റോസ് പരാതിയില്‍ വിശദമായി പ്രതിപാദിച്ചിരുന്നു.
അതിനു ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈംഗികാധിക്ഷേപം കലര്‍ന്ന പരാമര്‍ശങ്ങളുടെയും മറ്റും ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി തംപ്നെയില്‍ സൃഷ്ടിച്ച് ഈ പരാമര്‍ശങ്ങള്‍ക്ക് പ്രചാരം നല്കിയ ഇരുപതോളം യുട്യൂബ് ചാനലുകള്‍ക്കെതിരെയും ഹണി റോസ് പരാതി നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹണി റോസ് ഇന്ന് മജിസ്ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴി നല്‍കിയത്.