സൻആ- മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകി എന്ന തരത്തിലുള്ള വാർത്ത ശരിയല്ലെന്ന് ഇന്ത്യയിലെ യെമൻ എംബസി ഔദ്യോഗികമായി അറിയിച്ചു. നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചെയ്തത് ഹൂത്തി മിലീഷ്യകളാണെന്നും യെമൻ പ്രസിഡന്റിനോ റിപ്പബ്ലിക് ഓഫ് യെമനോ ഇതിൽ പങ്കില്ലെന്നും യെമൻ എംബസി അറിയിച്ചു.
റിപ്പബ്ലിക് ഓഫ് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഹിസ് എക്സലൻസി ഡോ. റഷാദ് അൽ-അലിമി ഈ വിധി അംഗീകരിച്ചിട്ടില്ലെന്നും യെമൻ സർക്കാർ ഊന്നിപ്പറയുന്നതായും എംബസി പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡൻ്റ് ഡോ. റാഷിദ് അൽ-അലിമി അംഗീകരിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സൻആയിലാണ് നിമിഷ പ്രിയയുമായി ബന്ധപ്പെട്ട കേസ് നടപടികളുണ്ടായിരുന്നത്. നിമിഷ പ്രിയയുടെ ശിക്ഷ അടുത്തിടെ ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ തലവൻ മഹ്ദി അൽ മഷാത്ത് ശരിവച്ചതായി വാർത്തകളുണ്ടായിരുന്നു.
2017 ജൂലായിൽ യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമൻ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ൽ സനയിലെ വിചാരണ കോടതിയും യെമൻ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.