Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    • മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    • ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    • മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    • ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ നാളെ മുതല്‍ സര്‍വീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/01/2025 Latest Saudi Arabia 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ (മദീന റോഡ്) നാളെ മുതല്‍ സര്‍വീസുകള്‍ക്ക് തുടക്കമാകും. ഇതോടെ മെട്രോയിലെ ആറു ലൈനുകളിലും പൂര്‍ണ തോതില്‍ സര്‍വീസുകള്‍ നിലവില്‍വരും. ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ ഡിസംബര്‍ 15 മുതലും സര്‍വീസ് ആരംഭിച്ചിരുന്നു. മൂന്നാം ട്രാക്ക് ആയ മദീന റോഡ് (ഓറഞ്ച് ലൈന്‍) റൂട്ടില്‍ ആണ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുക.

    ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയുടെ വിശാലമായ പാരിസ്ഥിതിക പ്രതിബദ്ധതകളുമായും 2060 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യവുമായും മെട്രോ പദ്ധതി യോജിച്ചുപോകുന്നു. തലസ്ഥാന നഗരിയിലെ നിര്‍ണായകമായ ഗതാഗത പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ട് മെട്രോ സംവിധാനം ഡിസംബര്‍ ഒന്നിന് ആരംഭിച്ചത് നഗര ഗതാഗത മേഖലയില്‍ ഒരു നാഴികക്കല്ലായി മാറി. ചരിത്രപരമായി ഏതാണ്ട് പൂര്‍ണമായും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന നഗരത്തില്‍ പൊതുഗതാഗത സംവിധാനത്തിലെ അടിസ്ഥാനപരമായ മാറ്റത്തെ റിയാദ് മെട്രോ പ്രതിനിധീകരിക്കുന്നു. റിയാദില്‍ അഞ്ചു കിലോമീറ്റര്‍ യാത്രക്ക് ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെ എടുക്കുന്ന സാഹചര്യമാണുള്ളത്.

    കാറുകള്‍ക്ക് പുറത്ത് ഗതാഗതത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ആവശ്യമാണെന്നും റിയാദ് ഗതാഗത സ്തംഭവനാവസ്ഥയിലാണെന്നും സോവറീന്‍ പി.പി.ജി കെ.എസ്.എയുടെ സി.ഇ.ഒ നാസിര്‍ മൂസ പറഞ്ഞു. നഗരത്തിന് ചുറ്റുമുള്ള ഗതാഗതം സുഗമമാക്കാന്‍ പൊതുഗതാഗത പരിഹാരങ്ങള്‍ നിര്‍ണായകമാണ്.
    ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ നിര്‍മിച്ച 183 ട്രെയിനുകള്‍ റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നു. പൂര്‍ണമായും ഓട്ടോമേറ്റഡ് ഓപ്പറേഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് മെട്രോ മധ്യപൗരസ്ത്യ മേഖലയില്‍ പൊതുഗതാഗത പശ്ചാത്തല സൗകര്യത്തില്‍ സുപ്രധാന സാങ്കേതിക കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു.

    നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് 2022 ല്‍ 70 ലക്ഷമായിരുന്ന റിയാദ് ജനസംഖ്യ 2030 ല്‍ 93 ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നഗരത്തിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യക്കൊപ്പം നില്‍ക്കാനാണ് റിയാദ് മെട്രോ ശൃംഖല ലക്ഷ്യമിടുന്നത്. മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു. ശരിയായ ഗതാഗത സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ ഒരു നഗരത്തിന്റെ ഒഴുക്കിന് ബുദ്ധിമുട്ട് നേരിടുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തേക്കും. ഇത് വലിയ സാമ്പത്തിക ആഘാതം ഉണ്ടാക്കുമെന്ന് നാസിര്‍ മൂസ വിശദീകരിച്ചു.

    എല്ലാവര്‍ക്കുമായി ആധുനികവും കാര്യക്ഷമവും സംയോജിതവുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്തുകൊണ്ട് റിയാദ് മെട്രോ തലസ്ഥാനത്തെ നഗര ഗതാഗതത്തെ പരിവര്‍ത്തനം ചെയ്യുമെന്ന് അറ്റ്കിന്‍സ്‌റിയലിസിലെ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക സി.ഇ.ഒ കാംബെല്‍ ഗ്രേ പറഞ്ഞു. സുരക്ഷിതവും ആക്‌സസ് ചെയ്യാവുന്നതുമായ ഗതാഗത ഓപ്ഷന്‍ വാഗ്ദാനം ചെയ്തുകൊണ്ട് നഗരവാസികളുടെയും സന്ദര്‍ശകരുടെയും ജീവിത നിലവാരം റിയാദ് മെട്രോ മെച്ചപ്പെടുത്തും.
    റിയാദിലെ വികസന പദ്ധതികള്‍ സുഗമമാക്കുന്നതില്‍ മെട്രോ നെറ്റ്വര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2030 ഓടെ ക്രമാതീതമായി വളരുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ജനസംഖ്യയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പരിവര്‍ത്തനാത്മക പദ്ധതികള്‍ നടപ്പാക്കാനാണ് ശ്രമം. സാമ്പത്തിക വികസനം ഈ ജനസംഖ്യാ വളര്‍ച്ചയെ പിന്തുണക്കുന്നു. റിയാദിനെ താമസത്തിനും ജോലിക്കുമുള്ള കൂടുതല്‍ ആകര്‍ഷകമായ സ്ഥലമാക്കി ഇത് മാറ്റും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പ്രാദേശിക ബിസിനസുകള്‍ വര്‍ധിപ്പിക്കല്‍, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍, റിയാദിനെ ഒരു ആഗോള ബിസിനസ്, ടൂറിസം ഹബ്ബായി ഉയര്‍ത്തല്‍ എന്നിവയിലൂടെ റിയാദ് മെട്രോ പദ്ധതി വൈവിധ്യവല്‍ക്കരണത്തിന് സംഭാവന നല്‍കുന്നു.
    ഡ്രൈവറില്ലാ ട്രെയിനുകള്‍ പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ സംയോജനം റിയാദ് മെട്രോ ശൃംഖലയെ ഹോങ്കോങ്ങിന്റെ എം.ടി.ആര്‍ പോലെയുള്ള മറ്റ് മുന്‍നിര ഹൈടെക് സംവിധാനങ്ങള്‍ക്ക് തുല്യമാക്കുന്നുവെന്ന് കാംബെല്‍ ഗ്രേ പറഞ്ഞു.

    മെട്രോ അവതരിപ്പിക്കുന്നതിന് മുമ്പ് റിയാദില്‍ പൊതുഗതാഗത സംവിധാനമില്ലായിരുന്നു, ഇത് നഗരത്തിന് ഒരു വലിയ കുതിപ്പായി മാറി – ഡിസൈന്‍, ബില്‍ഡ് സ്ഥാപനമായ ക്രാഫ്റ്റ് ഗ്രൂപ്പിലെ ഒറാസിയോ മൊറെറ്റി പറഞ്ഞു. പ്രതിദിനം 12 ലക്ഷത്തോളം യാത്രക്കാരെ വഹിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ള റിയാദ് മെട്രോയുടെ പ്രതിദിന ശേഷി 36 ലക്ഷമായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇത് ട്രാഫിക് ജാമുകള്‍ ലഘൂകരിക്കാനും കാറുകളെ ആശ്രയിക്കുന്നത് കുറക്കാനും സഹായിക്കുന്നു. ഈ മാറ്റം ഇന്ധന ഉപയോഗവും മലിനീകരണവും കുറക്കുക മാത്രമല്ല, കൂടുതല്‍ സുസ്ഥിരമായ നഗരത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഗതാഗതത്തിനപ്പുറം, മെട്രോ പ്രധാന മേഖലകള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയെ നയിക്കുകയും നഗരവാസികളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മെട്രോ റൂട്ടുകള്‍ വികസിപ്പിക്കുന്നത് ഒരു വലിയ കൂട്ടം ആളുകള്‍ക്ക് താങ്ങാനാവുന്ന ഗതാഗതം ലഭ്യമാക്കുമെന്നും മെട്രോ വികസനത്തിലൂടെ നഗരവാസികള്‍ക്കുള്ള സാമ്പത്തിക നേട്ടങ്ങള്‍ വളരെ വലുതായിരിക്കുമെന്നും നാസിര്‍ മൂസ പറഞ്ഞു.
    റിയാദ് മെട്രോയില്‍ മൂന്ന് ദിവസത്തെ പാസിന് 20 റിയാലാണ് ചെലവ്. അതേസമയം 20 മിനിറ്റ് ടാക്സി സവാരിക്ക് ഏകദേശം 50 റിയാല്‍ മുതല്‍ 60 റിയാല്‍ വരെ ചെലവാകും. ഇന്ധനം നിറക്കാനും സ്വകാര്യ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താനുമുള്ള വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്കൊപ്പം റോഡുകളില്‍ വലിയ കാലതാമസമുണ്ടാക്കുന്ന ഗതാഗത സ്തംഭന പ്രശ്നങ്ങള്‍ നഗരവാസികളെ മെട്രോ ഓപ്ഷന്‍ പരിഗണിക്കാന്‍ പ്രേരിപ്പിക്കും -നാസിര്‍ മൂസ വിശദീകരിച്ചു.

    റിയാദ് മെട്രോ പദ്ധതി സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ പ്രധാന ഭാഗമാണ്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍കരിക്കാനും നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. വളരുന്ന നഗരത്തിനും ജനസംഖ്യക്കും വേണ്ടി ട്രാഫിക് മാനേജ്‌മെന്റും ഗതാഗതവും മെച്ചപ്പെടുത്തുന്നതിന് നഗര ഗതാഗത സംവിധാനങ്ങളെ എങ്ങനെ സംയോജിപ്പിക്കും എന്നതിന്റെ ഉദാഹരണമാണ് റിയാദ് മെട്രോ.
    റിയാദിലെ ഗതാഗത പരിവര്‍ത്തനം മറ്റ് ആഗോള നഗരങ്ങളിലെ വിജയകരമായ അര്‍ബന്‍ മൊബിലിറ്റി സംരംഭങ്ങളെ പ്രതിഫലിപ്പിക്കുന്നു. സിംഗപ്പൂരിലെ മെട്രോ, ബസ്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന സംയോജിത ഗതാഗത സംവിധാനം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറക്കാന്‍ സഹായിച്ചു. കോപ്പന്‍ഹേഗനിലെ സമഗ്രമായ സൈക്ലിംഗ് ഇന്‍ഫ്രാസ്ട്രക്ചറും കാര്യക്ഷമമായ പൊതുഗതാഗത ശൃംഖലയും ഇതിനെ ലോകത്തിലെ ഏറ്റവും സുസ്ഥിര നഗരങ്ങളിലൊന്നാക്കി മാറ്റി.

    സൗദി അറേബ്യയുടെ ഗതാഗത കാഴ്ചപ്പാട് പരമ്പരാഗത പരിഹാരങ്ങള്‍ക്കുമപ്പുറത്തേക്ക് വ്യാപിക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ടുപോകലും അടിയന്തര യാത്ര സുഗമമാക്കലും തീര്‍ഥാടകര്‍ക്ക് പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ യാത്രാ സൗകര്യം നല്‍കലും ലോജിസ്റ്റിക്കല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണക്കലും വരെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് എയര്‍ ടാക്സികള്‍ പ്രയോജനപ്പെടുത്താനുള്ള സാധ്യതകള്‍ രാജ്യം പഠിച്ചുവരികയാണ്. ദേശീയ വിമാന കമ്പനിയായ സൗദിയക്ക്, നേരത്തെ നല്‍കിയ ഓര്‍ഡര്‍ പ്രകാരം അടുത്ത വര്‍ഷം 50 ഇലക്ട്രിക് എയര്‍ വെഹിക്കിളുകള്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ഹജ് സീസണില്‍ മക്കയില്‍ ആദ്യമായി എയര്‍ ടാക്‌സി സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ലോകത്തിലെ ആദ്യത്തെ ലൈസന്‍സുള്ള ഓട്ടോണമസ് എയര്‍ ടാക്‌സി കമ്പനിയായ ഇഹാംഗ് ഹോള്‍ഡിംഗ്‌സ് മക്കയില്‍ പൈലറ്റില്ലാ ഇലക്ട്രിക് വിമാനം (വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ്- ഇവിറ്റോള്‍) ഹജ് തീര്‍ഥാടകരുടെ യാത്രക്ക് ഉപയോഗിച്ചത് സൗദി അറേബ്യയില്‍ ഏരിയല്‍ മൊബിലിറ്റിയുടെ പുരോഗതിയില്‍ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. റിയാദില്‍ മാത്രമല്ല ജിദ്ദ അടക്കമുള്ള മറ്റു പ്രധാന നഗരങ്ങളിലും മെട്രോ ഉള്‍പ്പെടെയുള്ള ആധുനിക പൊതുഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കമുണ്ട്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyad Metro Riyadh Saudi News
    Latest News
    ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    14/05/2025
    മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    14/05/2025
    ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    14/05/2025
    മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    14/05/2025
    ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version