ജിദ്ദ – ജിസാന്‍ പ്രവിശ്യയിലെ ഫൈഫയുടെ പ്രകൃതി സൗന്ദര്യം തന്നെ അത്ഭുതപ്പടുത്തുന്നതായി മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു. ഫൈഫയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ജിസാന്‍ മൗണ്ടന്‍സ് ഡെവലപ്മെന്റ് അതോറിറ്റി ഫാം, അല്‍ശബാബ് പുരാവസ്തു മ്യൂസിയം, ജിസാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ, ജിസാന്‍ പര്‍വതത്തിന്റെ മുഖമായ അല്‍ഖതം വ്യൂപോയിന്റ് പോലുള്ള നിരവധി വ്യതിരിക്തമായ സ്ഥലങ്ങളും പര്‍വത പാതകളും മന്ത്രി സന്ദര്‍ശിച്ചു.
ഫൈഫയിലെ ജനങ്ങളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷമുണ്ട്. ഫൈഫയിലെ പ്രകൃതി മനോഹാരിത എന്നെ ആശ്ചര്യപ്പെടുത്തി. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി മാറ്റുന്ന നിലക്ക് ഫൈഫയില്‍ വികസന പദ്ധതികള്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ എങ്ങും കണ്ടതെന്നും മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു.

ജിസാന്‍ പ്രവിശ്യയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ മുനിസിപ്പില്‍, പാര്‍പ്പിടകാര്യ മന്ത്രി ഏതാനും വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ഏതാനും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജിസാന്‍ മൗണ്ടന്‍സ് ഡെവലപ്മെന്റ് സി.ഇ.ഒ എന്‍ജിനീയര്‍ ദാഫിര്‍ ബിന്‍ ആയിദ് അല്‍ഫഹാദ് അതോറിറ്റി ആസ്ഥാനത്തുവെച്ച് മുനിസിപ്പാലിറ്റി, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈലിനെയും സംഘത്തെയും സ്വീകരിച്ചു. അന്താരാഷ്ട്ര പ്രാദേശിക തലങ്ങളില്‍ അതോറിറ്റി കൈവരിച്ച നേട്ടങ്ങളെയും നടത്തുന്ന പരിശ്രമങ്ങളെയും, വിഷന്‍ 2030 ന് അനുസൃതമായി ടൂറിസം, സാംസ്‌കാരിക, നിക്ഷേപ മേഖലകളിലെ സുസ്ഥിര വികസന പരിപാടികളെയും ലക്ഷ്യങ്ങളെയും കുറിച്ച് കൂടിക്കാഴ്ചക്കിടെ എന്‍ജിനീയര്‍ ദാഫിര്‍ ബിന്‍ ആയിദ് അല്‍ഫഹാദ് വിശദീകരിച്ചു. തുടര്‍ന്ന് അതോറിറ്റിക്കു കീഴിലെ ജനിതക കൃഷിയിടങ്ങളും മന്ത്രി സന്ദര്‍ശിച്ചു.
കാപ്പിത്തൈകളുടെ കൃഷിയിലും ഉത്പാദനത്തിലും ചന്ദനം, ഉഷ്ണമേഖലാ പഴങ്ങള്‍ പോലെ ഉയര്‍ന്ന സാമ്പത്തിക ലാഭം ലഭിക്കുന്ന മരങ്ങളുടെ കൃഷിക്കും അതോറിറ്റി നല്‍കുന്ന സേവനങ്ങളും അനുഭവസമ്പത്തും മന്ത്രി വിലയിരുത്തി.