റിയാദ്. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടായി റിയാദിലെ ഇന്ത്യൻ എംബസിയിൽ മികച്ച സേവനങ്ങളുമായി രംഗത്തുണ്ടായിരുന്ന യൂസഫ് കെ കാക്കഞ്ചേരി സർവീസിൽനിന്ന് പിരിയുന്നു. യൂസഫ് കാക്കഞ്ചേരിക്ക് ഇന്ത്യൻ എംബസി അധികൃതർ യാത്രയയപ്പ് നൽകി. എംബസിയിൽനിന്ന് കാലാവധി പൂർത്തിയാക്കുന്ന ശിവങ് സിംഗ് റാവത്ത്, ദീപക് യാദവ്,. റയീസ് അഹമ്മദ് , ഷിഹാബുദ്ദീൻ എന്നിവർക്കും എംബസി യാത്രയയപ്പ് നൽകി.
കാൽനൂറ്റാണ്ടിനിടെ വിവിധ ആവശ്യങ്ങളുമായി ഇന്ത്യൻ എംബസിയിലെത്തുന്ന സാധാരണക്കാർ അടക്കമുള്ളവർക്ക് സദാ സേവന സന്നദ്ധനായി യൂസഫ് കെ കാക്കഞ്ചേരി രംഗത്തുണ്ടായിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനത്തിന് വേണ്ടി എംബസിയെ പ്രതിനിധീകരിച്ച് നിയമ സഹായങ്ങൾക്ക് യൂസഫ് കെ കാക്കഞ്ചേരിയാണ് നേതൃത്വം നൽകിയിരുന്നത്. പ്രവാസം ചരിത്രവും വർത്തമാനവും എന്ന പുസ്തകവും വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശ എന്ന ലേഖന സമാഹാരവും യൂസഫ് കെ കാക്കഞ്ചേരി രചിച്ചിട്ടുണ്ട്. പുതിയ പുസ്തകം വൈകാതെ പുറത്തുവരും. മലപ്പുറം ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കാക്കഞ്ചേരി സ്വദേശിയാണ്.