റിയാദ്- കേരള എഞ്ചിനിയേഴ്‌സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അബ്ദുല്‍ നിസാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹഫീസ്, വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല, ഷഫാന മെഹ്‌റു മന്‍സില്‍, ജോയിന്റ് സെക്രട്ടറി ശ്യാം രാജ്, സന്ദീപ് ആനന്ദ്, ട്രഷറര്‍ മുഹമ്മദ് ഷെബിന്‍, അസിസ്റ്റന്റ് ട്രഷറര്‍ നിഹാദ് അന്‍വര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. 2022 ല്‍ ആരംഭിച്ച ഈ പ്രൊഫഷണല്‍ ഫോറത്തില്‍ നിലവില്‍ ആയിരത്തോളം അംഗങ്ങളാണ് ഉള്ളത്. എഞ്ചിനീയര്‍മാരുടെ ഉന്നമനത്തിനും തൊഴില്‍ നൈപുണ്യത്തിനും പുറമെ കലാ കായിക സാംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്യുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൊഴില്‍ അന്വേഷകരായ എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി പ്രത്യേക പ്ലേസ്‌മെന്റ് സെല്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗങ്ങള്‍ക്കായി നിരവധി സാങ്കേതിക, സാങ്കേതിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ കെഇഎഫ് മുന്‍പന്തിയിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഫോറം ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. അംഗത്വം 300 ല്‍ നിന്ന് ഏകദേശം 1000 ആയി എന്നത് ഈ വളര്‍ച്ചയുടെ ഒരു നാഴികക്കല്ലാണ്.
മുന്നോട്ടുള്ള പാതയില്‍ കെഇഎഫ് കൂടുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തും. സംഘടനയിലെ അംഗങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്രദമായ കൂടുതല്‍ സാങ്കേതിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്. സൗദി അറേബ്യയിലെ എഞ്ചിനീയറിംഗ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുക, മേഖലയിലെ പുതിയ എഞ്ചിനീയര്‍മാര്‍ക്കും കേരളത്തില്‍ നിന്ന് സൗദി അറേബ്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങള്‍ നല്‍കുക എന്നിവയാണ് ഫോറം ലക്ഷ്യമിടുന്നത്.
സൗദിയില്‍ വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് 2034 മായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം നടത്താനും കൂടുതല്‍ മലയാളി എഞ്ചിനീയര്‍മാരെ ഈ പദ്ധതിയുടെ ഭാഗമാകാന്‍ സജ്ജമാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും എഞ്ചിനീയറിംഗ് മേഖലയിലെ ബിസിനസ് സാധ്യതകള്‍ റിയാദിലെ ബിസിനസ് സമൂഹത്തെ അറിയിക്കുന്നതിന് അവരുമായി സഹകരിച്ചു കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനും ഫോറം ഉദ്ദേശിക്കുന്നുണ്ട്.
ഊര്‍ജ്ജസ്വലരായ എഞ്ചിനീയര്‍മാരുടെ ഒരു സമൂഹത്തെ വളര്‍ത്തുന്നതിനും സാങ്കേതിക അറിവ് മറ്റുള്ളവരിലേക്ക് പങ്കിടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ പ്രൊഫഷണല്‍ വളര്‍ച്ച സുഗമമാക്കുന്നതിനും കേരള എഞ്ചിനീയേഴ്‌സ് ഫോറം ശ്രമിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിസാര്‍ ഹുസൈന്‍, സന്ദീപ് ആനന്ദ്, ആഷിക് പാണ്ടികശാല, അബ്ദുല്‍ നിസാര്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഷെബിന്‍, ഷഫാന മെഹ്‌റു മന്‍സില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.