ഗാസയില്‍ മൂന്നു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
ഗാസ – ഉത്തര ഗാസയിലുണ്ടായ പോരാട്ടത്തില്‍ മൂന്നു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. 21 വയസ് വീതം പ്രായമുള്ള രണ്ടു സൈനികരും 23 വയസ് പ്രായമുള്ള ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 27 ന് ഗാസയില്‍ കരയാക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന ഇസ്രായിലി സൈനികരുടെ എണ്ണം 389 ആയി ഉയര്‍ന്നു.
അതേസമയം, ഇസ്രായില്‍ സൈന്യം പിടികൂടി ഉത്തര ഗാസയിലെ വീട്ടിനകത്ത് തടഞ്ഞുവെച്ച ഫലസ്തീനികളെ തങ്ങളുടെ പോരാളികള്‍ മോചിപ്പിച്ചതായി ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. അതിസങ്കീര്‍ണമായ ഓപ്പറേഷനിലൂടെയാണ് ഇസ്രായില്‍ സൈന്യം പിടികൂടിയവരെ പോരാളികള്‍ മോചിപ്പിച്ചത്. ഉത്തര ഗാസയിലെ ബെയ്ത് ലാഹിയയില്‍ സയണിസ്റ്റ് സൈന്യം തങ്ങിയ കെട്ടിടത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്നു സൈനികരെ ഏതാനും പോരാളികള്‍ കുത്തിക്കൊന്നു. തുടര്‍ന്ന് പോരാളികള്‍ ഈ കെട്ടിടത്തിനകത്തു കയറി മുഴുവന്‍ സയണിസ്റ്റ് സൈനികരെയും വധിക്കുകയും അവരുടെ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഓപ്പറേഷനിടെ വീട്ടിനകത്ത് ഇസ്രായില്‍ സൈന്യം തടഞ്ഞുവെച്ചിരുന്ന ഏതാനും ഫലസ്തീനികളെ മോചിപ്പിച്ചതായും അല്‍ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഇസ്രായില്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ കഴിഞ്ഞ ജൂലൈയില്‍ തെഹ്‌റാനില്‍ തങ്ങളാണ് വധിച്ചതെന്ന് ഇസ്രായില്‍ പരസ്യമായി സമ്മതിച്ചു. ഹനിയ്യയെ ഇസ്രായിലാണ് വധിച്ചതെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്‌റായില്‍ കാട്‌സ് ആണ് പരസ്യമായി സമ്മതിച്ചത്. ഗാസ യുദ്ധവും ലെബനോന്‍ സംഘര്‍ഷവും മൂലം നടുങ്ങിയ മേഖലയില്‍ ഇറാനും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അപകട സാധ്യത ഇസ്രായില്‍ പ്രതിരോധ മന്ത്രിയുടെ തുറന്നുപറച്ചില്‍ വര്‍ധിപ്പിക്കുന്നു. ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്റെ അധികാരാരോഹണ ചടങ്ങില്‍ സംബന്ധിക്കാന്‍ തെഹ്‌റാനില്‍ എത്തിയപ്പോഴാണ് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ താമസസ്ഥലത്തു വെച്ച് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത്. ഇതിനു പിന്നില്‍ ഇസ്രായിലാണെന്ന കാര്യം ഉറപ്പായിരുന്നെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഇസ്രായില്‍ ഏറ്റെടുത്തിരുന്നില്ല.
ഞങ്ങള്‍ ഹൂത്തികളെ ശക്തമായി ആക്രമിക്കും, അവരുടെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കും. ഇസ്മായില്‍ ഹനിയ, യഹ്‌യ അല്‍സിന്‍വാര്‍, ഹസന്‍ നസ്‌റല്ല എന്നിവരെ തെഹ്‌റാന്‍, ഗാസ, ലെബനോന്‍ എന്നിവിടങ്ങളില്‍ കൈകാര്യം ചെയ്തതുപോലെ അല്‍ഹുദൈദയിലും സന്‍ആയിലും ഹൂത്തി നേതാക്കളെ ഉന്മൂലനം ചെയ്യും -ഇസ്രായില്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഹൂത്തികള്‍ക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഹമാസിനെയും ഹിസ്ബുല്ലയെയും പരാജയപ്പെടുത്തി. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളും ഉല്‍പാദന സംവിധാനങ്ങളും തകര്‍ത്തു. സിറിയയിലെ അസദ് ഭരണകൂടത്തെ ഞങ്ങള്‍ അട്ടിമറിച്ചു. തിന്മയുടെ അച്ചുതണ്ടിന് കനത്ത പ്രഹരങ്ങള്‍ നല്‍കി. ഇസ്രായിലില്‍ ആക്രമണം നടത്തുന്ന അവസാന സംഘടനയായി തുടരുന്ന യെമനിലെ ഹൂത്തി ഭീകരരെയും ഞങ്ങള്‍ ശക്തമായി ആക്രമിക്കും. ഇസ്രായിലിനെതിരെ ഉയരുന്ന ഏതു കൈയും ഛേദിക്കപ്പെടും. ഇസ്രായില്‍ സൈന്യം അവരെ പ്രഹരിക്കുകയും കണക്കു ചോദിക്കുകയും ചെയ്യും -യിസ്‌റായില്‍ കാട്‌സ് പറഞ്ഞു.
ഇസ്രായിലിനെതിരെ മിസൈലുകള്‍ തൊടുത്തുവിട്ടതിന് തിരിച്ചടിയെന്നോണം ഹൂത്തികളുടെ പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ക്കാന്‍ സൈന്യത്തിന് താന്‍ വ്യക്തമായ ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തി. നമ്മളെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന ഏതു കക്ഷിയെയും നമ്മള്‍ പൂര്‍ണ ശക്തിയോടെ ആക്രമിക്കും – ഇസ്രായില്‍ പാര്‍ലമെന്റില്‍ നെതന്യാഹു പറഞ്ഞു. ഹൂത്തികള്‍ക്കു പകരം ഇറാനില്‍ നേരിട്ട് ആക്രമണം നടത്തണമെന്ന നിര്‍ദേശം ഇസ്രായിലി ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയ രാഷ്ട്രീയ നേതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ചതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.