ജിദ്ദ: ഗാസയില്‍ ഒരു കുടുംബത്തിലെ ഏഴു കുട്ടികളെ ഇസ്രായില്‍ കൂട്ടക്കൊല ചെയ്തതിനെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗാസയില്‍ കുട്ടികള്‍ക്കു നേരെ ബോംബാക്രമണമുണ്ടായി. ഇത് ക്രൂരതയാണ്, യുദ്ധമല്ല, ഇത് എന്റെ ഹൃദയത്തിൽ തട്ടിയതിനാൽ ഞാനിത് പറയാന്‍ ആഗ്രഹിക്കുന്നു- വത്തിക്കാന്‍ സർക്കാർ പ്രതിനിധികളോട് മാര്‍പ്പാപ്പ പറഞ്ഞു.
ഇന്നലെ ഉത്തര ഗാസയിലെ വീടിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികള്‍ അടക്കം ഒരു കുടുബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജബാലിയ അല്‍നുസ്‌ലയിലെ വീടിനു നേരെ ആക്രമണം നടത്തി ഖല്ല കുടുംബത്തിലെ 12 പേരെ ഇസ്രായില്‍ കൂട്ടക്കുരുതി നടത്തിയതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു. ആറു വയസും അതില്‍ കുറവും പ്രായമുള്ള കുട്ടികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. ഇന്ന് ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം 17 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയെന്നോണം ഇസ്രായില്‍ ആരംഭിച്ച ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 45,206 പേര്‍ കൊല്ലപ്പെടുകയും 1,07,512 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും സാധാരണക്കാരുമാണ്. ആയിരക്കണക്കിനാളുകളുടെ മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനവും മറ്റു സജ്ജീകരണങ്ങളും ഇല്ലാത്തതിനാലും ഇസ്രായിലി സൈന്യത്തിന്റെ ശക്തമായ ആക്രമണങ്ങളും കാരണം ഇവ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല.