റിയാദ്- സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഒ.ഐ.സി.സിയെ ശക്തിപ്പെടുത്തുമെന്ന് സൗദി ഒ.ഐ.സി.സി ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി എ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് ഇരുവരും സൗദിയിലെത്തിയിരിക്കുന്നത്. ദമാം, ജിദ്ദ എന്നിവിടങ്ങളും ഇരുവരും സന്ദര്‍ശിക്കും. സൗദി നാഷണല്‍ കമ്മിറ്റി വിപുലപ്പെടുത്തുമെന്നും ഇരുവരും പറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുകയാണ് കേരളത്തില്‍ സി.പി.എം ചെയ്യുന്നത്. ഇതിന് അറുതി വരുത്തണം. അഴിമതിയിലൂടെ പണം വാരിക്കൂട്ടാനുള്ള വ്യഗ്രതയിലാണ് സി.പി.എം പാര്‍ട്ടി ഇന്ന് പ്രവര്‍ത്തിക്കുന്നത്.
വൈദ്യുതി ചാര്‍ജ് അഞ്ചാംതവണയും വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ദുബൈയില്‍ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ലോക കേരളസഭ നടത്തി ധൂര്‍ത്ത് നടത്തുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാറിനെ പഴി ചാരി രക്ഷപ്പെടുകയാണ്. അഡ്വ. പഴകുളം മധു പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഒഐസിസി നേതാക്കളായ ബിജു കല്ലുമല, അബ്ദുല്ല വല്ലാഞ്ചിറ, ഫൈസല്‍ ബഹസ്സന്‍, സലിം കളക്കര എന്നിവരും സംബന്ധിച്ചു.