റിയാദ്: എന്തിലും ഏതിലും വർഗീയത കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത് സമൂഹത്തിന്റെ സൗഹാർദ്ദവും സഹവർത്തിത്വവും നശിപ്പിക്കുന്ന പ്രവണതക്ക് അന്ത്യം കുറിക്കാൻ സൗഹൃദ കേരളം എന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്ന ചരിത്ര പാഠങ്ങള്‍ യു പി, ഹൈസ്‌കൂൾ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റിയാദ് സംഘടിപ്പിച്ച “കാത്ത് വെക്കാം സൗഹൃദ കേരളം” എന്ന സെമിനാർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഡിഗ്രി, പി ജി വിദ്യാര്‍ഥികള്‍ക്കായി കേരള ചരിത്രത്തിലെ സാമുദായിക സൗഹാര്‍ദ്ദത്തെക്കുറിച്ചുള്ള ഉത്തമ പാഠങ്ങൾ ഉറപ്പ് വരുത്തണം. വർത്തമാന കാലത്ത് ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസങ്ങൾക്കതീതമായ സൗഹൃദ മീറ്റുകൾ വ്യാപകമാക്കണം.
വക്കം മൗലവി, കെ എം മൗലവി, മുഹമ്മദ് അബ്ദുർഹമാൻ സാഹിബ് തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഇസ്ലാഹി പ്രസ്ഥാനം എന്നും കേരളത്തിന്റെ മതേതര ബോധം ഊട്ടിയുറപ്പിക്കുന്നതിൽ കൃത്യമായ പങ്ക് നിർവ്വഹിച്ചു പോന്നിട്ടിണ്ട്. ഇസ്ലാഹി പ്രസ്ഥാനം മുഹന്മദ് ബിൻ അബ്ദുൽ വഹാബ്, സയ്യിദ് റഷീദു റിദാ,മുഹമ്മദ് അബ്ദാ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ ആശയാദർശങ്ങൾ ഉൾക്കൊണ്ടിരുന്നുവെങ്കിലും കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം കേരളീയ സംസ്കാരത്തിന്റെയും സാമൂഹിക ബോധത്തിന്റെയും തണലിലാണ് രൂപം കൊണ്ടത്. അത് കൊണ്ടാണ് മുജാഹിദ് സമ്മേളനങ്ങളോട് അനുബദ്ധിച്ച് കാർഷിക സമ്മേളനങ്ങളും മത സൗഹാർദ്ദ സമ്മേളനങ്ങളും പ്രസ്ഥാനത്തിന് സംഘടിപ്പിക്കാനാവുന്നത് എന്നും മുഖ്യപ്രഭാഷണത്തിൽ സംസാരിച്ച ഐ.എസ്.എം ഉപാധ്യക്ഷൻ റിഹാസ് പുലമാന്തോൾ അഭിപ്രായപ്പെട്ടു.
ഇസ്ലാഹി സെൻറർ പ്രബോധകൻ സയ്യിദ് മുഹമ്മദ് സുല്ലമി പാലക്കാട് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ഇക്ബാൽ കൊടക്കാട് സ്വാഗതം ആശംസിച്ചു. ഷാജഹാൻ ചളവറ അധ്യക്ഷത വഹിച്ച യോഗത്തിൽ നൗഷില ഹബീബ് (എം.ജി.എം റിയാദ്) അഡ്വ:അജിത് (ഒ.ഐ.സി .സി ) ഷുഹൈബ് പനങ്ങാങ്ങര (കെ.എം.സി സി) പ്രതീപ് ആറ്റിങ്ങൽ (കേളി ) തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സാജിദ് ഒതായി നന്ദി പ്രകാശിപ്പിച്ചു