കോഴിക്കോട്: മെഡിക്കൽ കോളജിലെ നഴ്‌സിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ഗവ. നഴ്‌സിങ് കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയും കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ-സിന്ധു ദമ്പതികളുടെ മകളുമായ ലക്ഷ്മി രാധാകൃഷ്ണനെ(21) മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് ക്യാമ്പസിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
രാവിലെ സഹപാഠികൾ ക്ലാസിന് പോയപ്പോൾ സുഖമില്ലെന്ന് പറഞ്ഞ് അവധിയെടുത്തതായിരുന്നു ലക്ഷ്മിയെന്ന് കൂട്ടുകാരികൾ പറഞ്ഞു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തയതായി പോലീസ് അറിയിച്ചു. കോട്ടയത്തുനിന്നും ബന്ധുക്കൾ രാത്രിയോടെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു.