റിയാദ് – സൗദിയില്‍ എട്ടു വര്‍ഷത്തിനിടെ വാഹനാപകട മരണങ്ങള്‍ 50 ശതമാനം തോതില്‍ കുറഞ്ഞതായി ഡെപ്യൂട്ടി ഗതാഗത മന്ത്രി എന്‍ജിനീയര്‍ ബദ്ര്‍ അല്‍ദലാമി പറഞ്ഞു. റിയാദില്‍ സപ്ലൈ ചെയിന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിജയകരമായ ലോജിസ്റ്റിക്‌സ് മേഖല സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ റോഡ് ശൃംഖലയെ ആശ്രയിച്ചിക്കുന്നു. രാജ്യത്ത് അഞ്ചു ലക്ഷം കിലോമീറ്റര്‍ നീളത്തില്‍ റോഡ് ശൃംഖലയുണ്ട്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടത്തിയ ശ്രമങ്ങളിലൂടെ ട്രാഫിക് അപകട മരണ നിരക്ക് 50 ശതമാനം കുറക്കാന്‍ സാധിച്ചു. ഇത് അടിസ്ഥാന സൗകര്യങ്ങളിലെ ശ്രദ്ധേയമായ വികസനവും റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെട്ടതും പ്രതിഫലിപ്പിക്കുന്നു. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വിതരണ ശൃംഖലകളെ പിന്തുണക്കാനും ലോജിസ്റ്റിക് മേഖലയെ ശക്തിപ്പെടുത്താനുമുള്ള ഒരു പ്രധാന ഘടകമാണ് റോഡ് ശൃംഖല വികസനമെന്നും എന്‍ജിനീയര്‍ ബദ്ര്‍ അല്‍ദലാമി പറഞ്ഞു. റിയാദ് ഹില്‍ട്ടന്‍ ഗര്‍ണാത്ത ഹോട്ടലില്‍ നടന്ന ദ്വിദിന സപ്ലൈ ചെയിന്‍ സമ്മേളനത്തില്‍ 830 കോടി റിയാലിന്റെ 91 കരാറുകള്‍ ഒപ്പുവെച്ചു.