- കാർ മലപ്പുറം കുറ്റിപ്പുറം സ്വദേശിയുടേത്. പ്രതികൾക്കായി അന്വേഷണം ഊർജിതമെന്ന് പോലീസ്
മാനന്തവാടി: വയനാട്ടിലെ കുടൽക്കടവിൽ വിനോദസഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷത്തത്തിൽ ഇടപെട്ട പ്രദേശവാസിയായ ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ചെക്കു ഡാം കാണാനെത്തിയ ഇരുവിഭാഗം തമ്മിലുള്ള സംഘർഷം തടയാനെത്തിയ കുടൽക്കടവ് ചെമ്മാട് ഊരിലെ ആദിവാസി യുവാവ് മാതനെയാണ് കാറിലെത്തിയവർ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് സാരമായ പരുക്കേൽപ്പിച്ചത്.
സംഭവത്തിൽ കുടൽകടവ് സ്വദേശിയായ യുവാവിനെ കൈക്കാലുകൾക്കും നടുവിനും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്.
ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നപ്പോൾ വിഷയത്തിൽ നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതിനിടെ കല്ലുപയോഗിച്ച് ആക്രമിക്കാൻ ശ്രമം ഉണ്ടായി. ഇതിൽ ഇടപെട്ട മാതനെയാണ് യുവാക്കൾ ആക്രമിച്ചത്. ഇവരെ പിടികൂടാനായുള്ള ഊർജിത ശ്രമത്തിലാണെന്ന് മാനനന്തവാടി പോലീസ് പറഞ്ഞു.
രേഖകളനുസരിച്ച് കാറിന്റെ ആർ.സി ഉടമ മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലു സംഭവം നടക്കുമ്പോൾ കാർ ഓടിച്ചത് ഇയാൾ തന്നെയാണോ എന്നതിൽ വ്യക്തതയായിട്ടില്ല. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. മൂന്നുപേർ പിറകിലും രണ്ട് പേർ മുൻസീറ്റിലുമായിരുന്നുവെന്നാണ് വിവരം.