ജിദ്ദ: പ്രവാസികളുടെ ആരോഗ്യത്തിന് കരുതലും കാവലും നൽകി ജിദ്ദ കേരള പൗരാവലി അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഏർപ്പെടുത്തിയ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാർഡിന്റെ വിതരണം ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള 14 ജില്ല കളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേയും മാധ്യമ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ അബീർ മെഡിക്കൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് അലുങ്ങൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടിക്ക് നൽകി പ്രിവിലേജ് കാർഡിന്റെ പ്രകാശനം നിർവ്വഹിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രിവിലേജ് കസ്റ്റമർ കെയർ നമ്പർ, പേഷ്യന്റ് അസിസ്റ്റൻസ്, കൺസൾട്ടേഷൻ, വിവിധ പരിശോധനകൾ, ഫർമസി എന്നിവയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാർഡിന്റെ പ്രത്യേകതയാണ്. ജിദ്ദ കേരള പൗരവലിയുടെ വെൽഫയർ വിങ്ങുമായി ബന്ധപ്പെട്ട് സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവർക്ക് കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാർഡ് സ്വന്തമാക്കാനാകും.
പൗരാവലി വെൽഫയർ വിംഗ് കൺവീനർ അലി തേക്കുതോട് മറ്റു വെൽഫെയർ അംഗങ്ങളായ ഹിഫ്സുറഹ്‌മാൻ, സി എച്ച് ബഷീർ, അസീസ് പട്ടാമ്പി, അഹമ്മദ് ഷാനി, മസൂദ് ബാലരാമപുരം, ഫാസിൽ തൊടുപുഴ, ജലീൽ കണ്ണമംഗലം, വീരാൻകുട്ടി കോയിസ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് തുടർന്നുള്ള ആരോഗ്യ സെമിനാറുകളും പ്രിവിലേജ് കാർഡിന്റെ വിതരണവും സംഘടിപ്പിക്കുക.
ആസ്തമ, അലർജി എന്നീ വിഷയങ്ങളിൽ നടന്ന സെമിനാറിന് പ്രമുഖ പൾമനോളൊജിസ്റ്റ് ഡോ. അസ്‌ലം നേതൃത്വം നൽകി. പ്രവാസികൾക്കിടയിലെ അലർജി അശ്രദ്ധ കാരണം മാരക രോഗങ്ങളിലേക്ക് നയിക്കുന്നതായി സെമിനാർ വിലയിരുത്തി. സൗഹൃദ രോഗ പരിചരണ പ്രവർത്തനങ്ങളും ആരോഗ്യ വിദ്യാഭ്യാസവും ആതുര സേവന സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജിദ്ദയിലെ പ്രവാസികളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദ കേരള പൗരാവലി ഇത്തരം ആരോഗ്യ സെമിനാറുകൾ സംഘടിപ്പിക്കുന്നത്
ചെയർമാൻ കബീർ കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു
അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് അബ്ദുൽ ജലീൽ അലുങ്ങൽ, അബ്ദുൽ സലാം, നസ്രിയ, തസ് ലിം, ജോമോൾ ജോൺ, നിസാം, സമീർ, ഷഫീഖ്, ഹനീഫ, കുഞ്ഞാലി, ജാൻ എന്നിവർ സന്നിഹിതരായിരുന്നു. സലാഹ് കാരാടൻ, നവാസ് തങ്ങൾ, നസീർ വാവാ ക്കുഞ്ഞു, അബ്ദുൽ ഖാദർ ആലുവ, നാസർ ചാവക്കാട്, ഷമീർ നദ് വി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. റാഫി ബീമാപള്ളി അവതാരകനായിരുന്നു.
സാംസ്കാരിക പരിപാടിയിൽ മിർസാ ഷരീഫ്, സോഫിയ സുനിൽ, ബാദുഷ മഞ്ചേരി, റാഫി ആലുവ, മുംതാസ് അബ്ദുറഹ്മാൻ, അഫ്ര സബിൻ റാഫി, എന്നിവർ ഗാനങ്ങൾ ആലപിച്ചു.