ദമാം – ജിസാന്‍ നിവാസികളായ ഏഴംഗ കുടുംബം അല്‍ഹസയിലെ ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ദാരുണമായി മരിച്ചു. സൗദി പൗരനും ഭാര്യയും അഞ്ചു മക്കളുമാണ് മരിച്ചത്. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ജിസാനില്‍ നിന്ന് കാര്‍ മാര്‍ഗം റിയാദിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അല്‍ഹസയില്‍ അപകടത്തില്‍ പെട്ടത്.
സൗദി പൗരന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ അവാക് ഹദാദി, ഭാര്യ ഐശ് ബിന്‍ത് അഹ്മദ് ബിന്‍ അലി ഹദാഹി, ഇവരുടെ മക്കളായ മുഹമ്മദ്, ഹുസാം, ജൂരി, ജൈദാ, ജിയാന്‍ എന്നിവരാണ് മരണപ്പെട്ടത്.
തീ പടര്‍ന്നുപിടിച്ച ട്രക്ക് നിയന്ത്രണം വിട്ട് സൗദി കുടുംബം സഞ്ചരിച്ച കാറില്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് അലിയുടെ സഹോദരന്‍ യഹ്‌യ ഹദാദി പറഞ്ഞു.
സൗദി കുടുംബത്തിന്റെ കാര്‍ നിശ്ശേഷം തകര്‍ന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ ഉറൈറ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രിയില്‍ നിന്ന് വിട്ടുകൊടുക്കുന്ന മൃതദേഹങ്ങള്‍ അല്‍ഹസയിലെ മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മുബാറസ് അല്‍റാശിദിയ ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.