ജിദ്ദ- വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ പ്രവാസികൾക്കും പ്രവാസികളുടെ മക്കൾക്കും തുടർപഠനവും വിദ്യാഭ്യാസ മേഖലയിൽ ദിശാബോധവും നൽകാൻ ലക്ഷ്യമിട്ട് ജിദ്ദയിൽ പുതിയ സംരംഭം. ഡിജിറ്റൽ ലേണിംഗ് സ്പേസ്(ഡി.എൽ.എസ്) എന്ന സ്ഥാപനമാണ് ജിദ്ദയിൽ പ്രവർത്തനം ആരംഭിച്ചത്. സൗദി അറേബ്യയിൽ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനം നടത്താത്ത പ്രവാസി വിദ്യാർഥികൾക്കും ഉന്നത യോഗ്യതയില്ലാത്തതിനാൽ പ്രമോഷൻ ലഭിക്കാത്ത പ്രവാസികൾക്കും ഡി.എൽ.എസ് തുടർപഠന സൗകര്യത്തിന്റെ ദിശ നിർണ്ണയിച്ചു കൊടുക്കുമെന്ന് ഡി.എൽ.എസ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ അറിയപ്പെടുന്ന ഏത് സർവ്വകലാശാലയിലെയും കോഴ്സ് ഡീറ്റൈയിൽസ്, ഫീസ്, അഡ്മിഷൻ പ്രോസസ് എന്നിവ ഡി.എൽ.എസ് നിർവഹിക്കും. ഡി.എൽ.എസ് വെബ്സൈറ്റ് ലോഞ്ചിംഗ് വാൻഗാർഡ് അറേബ്യയുടെ ഗവൺമെന്റ് റിലേഷൻസ് മാനേജർ അഹമദ് മുഹമ്മദ് അബ്ദുള്ള അൽ ദിബാഷി നിർവ്വഹിച്ചു.
ബി.എ, ബികോം, എം എ, എം കോം, ബി.ബി.എ, ബി.സി.എ, എം.ബി.എ കോഴ്സുകളിൽ ചേരുന്നതിന് പഠിതാക്കളെ അവരുടെ അഭിരുചിക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നതിനുള്ള സൗകര്യങ്ങൾ ഡി.എൽ.എസ് ഒരുക്കുമെന്ന് സി.ഇ.ഒ ഫയീസ് മുഷ്താഖ് പറഞ്ഞു.
ഇന്ത്യയിലെ മികച്ച യൂനിവേഴ്സിറ്റികളിലെ വിവിധ കോഴ്സുകളിൽ പ്രവാസികൾക്ക് ഓൺലൈനായി പഠിക്കാനും പരീക്ഷ എഴുതാനും സാധിക്കുമെന്ന് ഇതിന് ആവശ്യമായ സഹായം നൽകുമെന്നും ഡി.എൽ.എസ് കരിയർ കൺസൽട്ടന്റ് എം.അമൽ പറഞ്ഞു. പത്രസമ്മേളനത്തിൽ അയ്യൂബ് മാസ്റ്റർ, ഗസൻഫർസക്കി എന്നിവരും പങ്കെടുത്തു.