കോഴിക്കോട്- സമസ്തയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പത്തു ദിവസത്തിനകം യോഗം ചേർന്ന് ചർച്ച ചെയ്യുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. കോഴിക്കോട് സമസ്ത മുശാവറ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത യോഗത്തിൽ വിഷയങ്ങൾ പൂർണ്ണമായും ചർച്ച ചെയ്യും. ഇരുഭാഗത്തുനിന്നും ലഭിച്ച പരാതികൾ വിശദമായി ചർച്ച ചെയ്യും. കോഴിക്കോട് ആദർശ സംരക്ഷണ സമിതി എന്ന പേരിൽ വിളിച്ചു ചേർത്ത യോഗം സംബന്ധിച്ചും സുപ്രഭാതത്തിൽ വന്ന പരസ്യവും ചർച്ച ചെയ്യുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ചർച്ചകളും തുടരും. സമസ്തയിൽ ഭിന്നതയില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
1991-ലെ ആരാധനാലയ സംരക്ഷണ നിയമം ലംഘിക്കരുതെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ സമസ്ത കക്ഷി ചേരുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സി.ഐ.സിയുമായി ബന്ധപ്പെട്ട് മധ്യസ്ഥൻമാർ മുന്നോട്ടുവെച്ച് ഒമ്പത് നിർദ്ദേശങ്ങളും അംഗീകരിക്കണം. അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി സി.ഐ.സിയുടെ ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിതനായ സഹചര്യത്തിൽ സി.ഐ.സിയുമായി സമസ്തക്ക് ബന്ധമുണ്ടാകില്ല. മുനമ്പം വിഷയം സംബന്ധിച്ച് സ്ഥലത്തിന്റെ ആധാരം പരിശോധിച്ച് തീരുമാനം പറയാമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.