റിയാദ് – റിയാദ് മെട്രോ പദ്ധതിക്ക് ആകെ 2,500 കോടി ഡോളറാണ് (9,375 കോടി റിയാല്‍) ചെലവ് വന്നതെന്ന് സഹമന്ത്രിയും റിയാദ് റോയല്‍ കമ്മീഷന്‍ ആക്ടിംഗ് സി.ഇ.ഒയുമായ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍ വെളിപ്പെടുത്തി. തുടക്കത്തില്‍ കണക്കാക്കിയ ചെലവിനെക്കാള്‍ 11 ശതമാനം കൂടുതലാണിത്. റിയാദ് മെട്രോ പദ്ധതിയില്‍ ഒരു കിലോമീറ്റര്‍ നീളത്തിന് 16.6 കോടി ഡോളറാണ് ചെലവ് വന്നത്. ഇത് ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ ചെലവാണ്. ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കുന്ന ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലേത്.
മെട്രോ പദ്ധതിക്കു വേണ്ടി ചെലവഴിച്ച ഓരോ റിയാലിനും പ്രത്യക്ഷമായും പരോക്ഷമായും മൂന്നര റിയാല്‍ തോതില്‍ നേട്ടം ലഭിക്കും. റിയാദ് മെട്രോ പദ്ധതിയിലൂടെ ലാഭം ലക്ഷ്യമിടുന്നില്ല. പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ചെലവിന്റെ നാല്‍പതു ശതമാനം വരുമാനമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍ പറഞ്ഞു.
പ്രതിവര്‍ഷം 69.4 കോടി റിയാല്‍ വില കണക്കാക്കുന്ന 62 കോടി ലിറ്റര്‍ ഇന്ധനം ലാഭിക്കാന്‍ റിയാദ് മെട്രോ പദ്ധതി സഹായിക്കും. 176 കിലോമീറ്റര്‍ നീളത്തില്‍ ആകെ 85 സ്‌റ്റേഷനുകളോടെയാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആകെ 776 സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 1,083 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 24 റൂട്ടുകള്‍ ഉള്‍പ്പെടുന്ന ബസ് ശൃംഖലയുമായി റിയാദ് മെട്രോ പദ്ധതി സംയോജിപ്പിച്ചിരിക്കുന്നു.
2030 വരെയുള്ള കാലത്ത് ഇന്ധന ഉപഭോഗത്തില്‍ 420 കോടി റിയാല്‍ ലാഭിക്കാന്‍ റിയാദ് മെട്രോ പദ്ധതി സഹായിക്കുമെന്നാണ് കരുതുന്നത്. പദ്ധതി 328 ബില്യണ്‍ റിയാലിന്റെ (88 ബില്യണ്‍ ഡോളര്‍) സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. റിയാദ് മെട്രോയില്‍ മൂന്നു റൂട്ടുകളിലാണ് നിലവില്‍ സര്‍വീസുകളുള്ളത്.
കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ രണ്ടു റൂട്ടുകളില്‍ അടുത്ത ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. മദീന റോഡ് ജംഗ്ഷന്‍ (ഓറഞ്ച് ലൈന്‍) റൂട്ടില്‍ ജനുവരി അഞ്ചിന് സര്‍വീസിന് തുടക്കമാകും. കഴിഞ്ഞ മാസം 27 ന് ആണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് റിയാദ് മെട്രോ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു റൂട്ടുകളില്‍ സര്‍വീസും ആരംഭിച്ചു.