തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. യുവനടിയുടെ പീഡന പരാതിയിലാണ് കർശന ഉപാധികളോടെ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി നടന് ജാമ്യം അനുവദിച്ചത്.
പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, പരാതിക്കാരിയെ മാനസികമായി തളർത്തുന്ന വിധത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാകണം, പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം, സുപ്രീം കോടതി വ്യവസ്ഥകൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു.
സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും, കർശന വ്യവസ്ഥകൾ വേണമെന്നും ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച റിപോർട്ടിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
സിദ്ദിഖിന് സുപ്രീം കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉത്തരവുള്ളത്.