ഖമീസ് മുശൈത്ത്– രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ മലയാളി വനിതക്ക് ഖമീസ് മുഷൈത്ത് ഖാലിദിയ കെ.എം.സി.സി നൽകുന്ന സീതി സാഹിബ് – ബീഗം സാഹിബ അവാർഡിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹലിയ അർഹയായി.
ഫലകവും പ്രശസ്തി പത്രവും അൻപതിനായിരം രൂപയും അടങ്ങുന്ന അവാർഡ് ഡിസംബർ 13 ന് ഖമീസ് മുഷൈത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ സമ്മാനിക്കും.
ഖമീസ് മുഷൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അവാർഡ് പ്രഖ്യാപനം നടത്തി. അഷ്റഫ് വേങ്ങാട്ട്, നാസർ
വെളിയങ്കോട്, ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ, ഉസ്മാൻ കിളിയമണ്ണിൽ, മൊയ്തീൻ കട്ടുപ്പാറ, സലീം പന്താരങ്ങാടി, എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ്
ജേതാവിനെ തെരഞ്ഞെടുത്തത്
വിദ്യാർത്ഥിനിയായിരിക്കെ ജൻമനാടായ കുന്ദമംഗലം മണ്ഡലത്തിൽ മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റി കൾക്കൊപ്പം പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ച അഡ്വ. ഫാത്തിമ തഹലിയ 2012 ൽ
എം.എസ്.എഫിന്റെ വിദ്യാർത്ഥിനി വിഭാഗമായ ഹരിത രൂപീകരിക്കപ്പെട്ടതോടെയാണ്
കേരളത്തിലെ കാമ്പസ് രാഷ്ട്രീയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഹരിതയുടെ പ്രഥമ ജനറൽ
സെക്രട്ടറിയായിരുന്ന തഹലിയ കോഴിക്കോട് പെരുവയൽ സ്വദേശിയാണ്. കോഴിക്കോട് ഗവ.
ലോ കോളജിൽ നിന്നും എൽ. എൽ. ബിയും തൃശൂർ ഗവ. ലോ കോളജിൽ നിന്നും അഡ്മിനിസ്ടേഷൻ
ലോ യിൽ മാസ്റ്റർ ബിരുദവും നേടി. പ്രഥമ എം.എസ്.എഫ് ദേശീയ സമിതിയിൽ വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കെപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംഘടനാ ചരിത്രത്തിൽ ജനറൽ വിഭാഗത്തിൽ ഭാരവാഹിത്വം വഹിക്കുന്ന ആദ്യ വനിതയായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ
സെനറ്റ് മെമ്പറായും പ്രവർത്തിച്ചു.
സ്ത്രീ സൗഹൃദ നിലപാടുകളിലൂന്നിയ പോരാട്ടങ്ങളിലൂടെ 2017 ലെ ആപ് കാ ടൈംസ് ‘മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ സ്റ്റുഡന്റ് വിമൻസ് ലീഡർ’ സർവ്വേയിൽ ഒന്നാമതെത്തി. സി.ബി.എസ്.ഇ ഡ്രസ് കോഡ്,
ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ, കലാലയങ്ങളിലെ ഹിജാബ് നിരോധനം, സ്വാശ്രയ സ്ഥാപനങ്ങളുടെ കൊള്ള, നീറ്റ് പരീക്ഷാ വേളയിലെ വസ്ത്ര സ്വാതന്ത്ര്യം, അരുവിത്തുറ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അശ്ലീല യൂണിഫോം, തുടങ്ങി വിവിധ വിഷയങ്ങളിൽ രാഷ്ട്രീയ – നിയമ
പോരാട്ടങ്ങൾക്ക് അഡ്വ. തഹലിയ നേതൃത്വം നൽകി. പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള
‘പി.ടി. തോമസ് യുവപ്രതിഭാ പുരസ്കാരം’ നേടിയിട്ടുണ്ട്.
മലബാറിലെ പിന്നാക്ക ജനവിഭാഗങ്ങൾക്ക് ധൈഷണികമായ നേതൃത്വം നൽകിയ മുസ്ലിം ലീഗ് നേതാവും ചിന്തകനും പ്രഭാഷകനും മുൻ സ്പീക്കറുമായിരുന്ന കെ.എം. സീതി സാഹിബിന്റെ പേരിലാണ് അവാർഡ് നൽകുന്നത്. പ്രഖ്യാപന പരിപാടിയിൽ ഖാലിദിയ കെ. എം. സി. സി പ്രസിഡണ്ട് ഹസൈൻ കൂട്ടിലങ്ങാടി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി നിസാർ കരുവൻ തുരുത്തി സ്വാഗതവും ട്രഷറർ ശഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു.