ഓസ്‌കാര്‍ നോമിനി എമിലി ബ്ലണ്ട്, ആമിര്‍ ഖാന്‍, കരീനാ കപൂര്‍, രണ്‍ബീര്‍ കപൂര്‍, പിയാ വര്‍ട്ബാഴ്‌സ്, ഇവ ലൊംഗോറിയ തുടങ്ങിയവര്‍ ജിദ്ദയില്‍
ജിദ്ദ: വ്യാഴാഴ്ച മുതല്‍ പത്ത് രാപ്പകലുകള്‍ ജിദ്ദാ നഗരത്തിന് ഉല്‍സവത്തിന്റെ ഉന്മാദം. നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് വ്യാഴാഴ്ച പൈതൃകനഗരകേന്ദ്രമായ ബലദില്‍ കൊടിയേറ്റം. റെഡ് കാര്‍പെറ്റ് ഏരിയയില്‍ ലോകോത്തര അഭിനേതാക്കളുടെ മഹാസംഗമം. ലോക ക്ലാസിക് സിനിമകള്‍ ഇനി ജിദ്ദയിലെ സ്‌ക്രീനുകളില്‍ നിറയും.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര നടന്മാരും നടികളും സംവിധായകരും മറ്റ് സിനിമാ പ്രവര്‍ത്തകരും ഇതിനകം ജിദ്ദയിലെത്തി. ബോളിവുഡിലേയും ഹോളിവുഡിലേയും വിസ്മയതാരങ്ങള്‍ വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങുന്നത് കാണാന്‍ ആസ്വാദക സഹസ്രങ്ങളുടെ മഹാപ്രവാഹം സൗദിയുടെ കവാടനഗരത്തിലേക്ക്. പ്രാക്തന സ്മൃതികളുണരുന്ന ചെങ്കടലോരത്ത് വിശ്വ സിനിമയുടെ വിസ്മയജാലകം തുറക്കപ്പെടുകയായി.
റെഡ്‌സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അറബ് – ആഫ്രിക്കന്‍- ഇംഗ്ലീഷ് – ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. കാലം കാത്ത് വെച്ച ചലച്ചിത്ര സംസ്‌കാരത്തിന്റെ കൊടിയടയാളമാണ് നാലാമത് അന്താരാഷ്ട്ര റെഡ്‌സീ ഫിലിം ഫെസ്റ്റിവലെന്ന് ഇന്റര്‍നാഷനല്‍ ജൂറി സമിതിയുടെ അധ്യക്ഷനും പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ നിക്കോളസ് കേജ് അഭിപ്രായപ്പെട്ടു.
പടിഞ്ഞാറന്‍ ലോകം അറേബ്യന്‍ ആസ്വാദന സംസ്‌കാരത്തെക്കുറിച്ച് ഇന്നോളം പുലര്‍ത്തിപ്പോരുന്ന ഗതകാലമിഥ്യകളെ അടിമുടി പൊളിക്കാനും ആധുനിക ദൃശ്യസംസ്‌കാരത്തിന്റെ പുതിയ ഭാഷയും വ്യാകരണവും എത്രമേല്‍ സൗന്ദര്യാത്മകമാക്കാമെന്ന് തെളിയിക്കാനും ഫിലിം ഫെസ്റ്റിവല്‍ സഹായകമായതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയെ കൂടുതല്‍ സൗഹൃദപരമായ സഹോദരരാഷ്ട്രമായി സ്വീകരിക്കാന്‍ കൂടി സിനിമയും ഫുട്‌ബോളും മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് പ്രേരകമായിത്തീര്‍ന്നു. കൂടുതല്‍ സാധ്യതകളും അവസരങ്ങളും കലയുടെ ലോകത്ത് തുറന്നു കൊടുത്തിരിക്കുകയാണ്, റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ ഈ ആതിഥേയരാജ്യം.
61 രാജ്യങ്ങളില്‍ നിന്ന് 41 ഭാഷകളിലായി 140 സിനിമകളാണ് റെഡ് സീ ഫെസ്റ്റിവലില്‍ സ്‌ക്രീന്‍ ചെയ്യപ്പെടുന്നത്. ചലച്ചിത്രകാരന്‍മാരുമായി ആശയസംവാദത്തിനും അവസരമൊരുക്കിയിട്ടുണ്ട്.
സാമ്പ്രദായിക സങ്കല്‍പങ്ങള്‍ പുതുക്കിപ്പണിയുന്ന സൗദിയുടെ സംവേദനങ്ങളില്‍ സൗന്ദര്യാത്മകമായ വിപ്ലവത്തിന്റെ ജ്വാലാമുഖമാണ് റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ തുറന്നു വെച്ചിട്ടുള്ളത്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് നന്ദി- കാലം അപരിഹാര്യമാക്കിയ പുതിയൊരു ഈസ്‌തെറ്റിക് ഇമേജിനെ പുണരാന്‍ വേണ്ടിയുള്ള ത്വരിതാവേഗത്തിലുള്ള ഈ പരിവര്‍ത്തനം, ലോകസിനിമയുടെ ഭൂപടത്തിലേക്ക് ഈ രാജ്യത്തിന്റെ ചരിത്രപരമായ വിസ്മയക്കുതിപ്പ് മുദ്രണം ചെയ്ത് വെച്ചതിന്.