ഗാസ – ഇസ്രായിലിന്റെ കടുത്ത ഉപരോധവും മതിയായ അളവില്‍ റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതും ഗാസയില്‍ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ കൊടുംപട്ടിണി അഭിമുഖീകരിക്കുന്നു. മധ്യഗാസയിലെ ദേര്‍ അല്‍ബലഹില്‍ ബേക്കറിക്കു മുന്നില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടു ഫലസ്തീനി വനിതകളും ഒരു ബാലികയും മരണപ്പെട്ടു. റൊട്ടിക്കുവേണ്ടി ആയിരങ്ങളാണ് ബേക്കറിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നത്. തിക്കിലും തിരക്കിലും മൂന്നു വനിതകള്‍ മരണപ്പെട്ടതായി ശുഹദാ അല്‍അഖ്‌സാ ആശുപത്രി അറിയിച്ചു.
കടുത്ത തിക്കും തിരക്കുമാണ് ബേക്കറിക്കു മുന്നില്‍ അനിഭവപ്പെട്ടതെന്ന് ദൃക്‌സാക്ഷിയായ വനിതകളില്‍ ഒരാള്‍ പറഞ്ഞു. പെട്ടെന്ന് ഏതാനും സ്ത്രീകള്‍ ഉച്ചത്തില്‍ വാവിട്ടുകയരുകയും നിലത്തുവീഴുകയും തിക്കിലും തിരക്കിലും ശ്വാസംമുട്ടി ഇവര്‍ മരണപ്പെടുകയുമായിരുന്നു. റൊട്ടി വാങ്ങാനുള്ള ശ്രമത്തിനിടെയാണ് മൂവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. ഒരുമനുഷ്യനും സഹിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഗാസയില്‍ നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു.


റൊട്ടി വാങ്ങാന്‍ പോയ മകളുടെ മൃതദേഹമാണ് ബേക്കറിക്കു മുന്നില്‍ നിന്ന് കിട്ടിയതെന്ന് ദുരന്തത്തില്‍ മരണപ്പെട്ട ബാലികയുടെ പിതാവ് ഉസാമ അബൂലബന്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ വെച്ച് പറഞ്ഞു. സാധനങ്ങളുടെ അഭാവം കാരണം മധ്യഗാസയിലെ എല്ലാ ബേക്കറികളും അടച്ചതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. ഗാസയില്‍ സുപ്രധാന മാനുഷിക സഹായങ്ങള്‍ സുരക്ഷിതമായി എത്തിക്കാന്‍ അവസരമൊരുക്കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഗാസയിലെ കുടുംബങ്ങള്‍ക്ക് ലഭിക്കാവുന്ന ഒരേയൊരു ഭക്ഷണമായിരുന്നു റൊട്ടി. ഇപ്പോള്‍ ഇതും കൈയെത്താ ദൂരത്തായി മാറിയിരിക്കുന്നു. ഗാസയില്‍ സുപ്രധാന മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായും വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.
ഗാസയില്‍ ഉടനീളമുള്ള ഭക്ഷ്യക്ഷാമത്തെ കുറിച്ച് യു.എന്‍ ഓഫീസ് ഫോര്‍ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷാദ്യം മുതല്‍ ഗുരുതരമായ പോഷകാഹാരക്കുറവിന് ചികിത്സിക്കുന്ന കുട്ടികളില്‍ മൂന്നില്‍ രണ്ടു പേരെയും കഴിഞ്ഞ അഞ്ചു മാസത്തിനിടെയാണ് രജിസ്റ്റര്‍ ചെയ്തതെന്നും യു.എന്‍ ഓഫീസ് പറഞ്ഞു.
കടുത്ത ഉപരോധത്തിലുള്ള ഗാസയില്‍, വിശിഷ്യാ ഉത്തര ഗാസയില്‍ മരുന്ന്, ഭക്ഷണം, ഇന്ധനം, തമ്പുകള്‍ എന്നിവക്ക് വലിയ ക്ഷാമം നേരിടുന്നതായി ലോകാരോഗ്യ സംഘടന വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സാഹചര്യമൊരുക്കണമെന്ന് ലോകാരോഗ്യ സംഘടന ഇസ്രായിലിനോട് ആവശ്യപ്പെട്ടു.



