ജറൂസലം- ലെബനോനുമായി വെടിനിർത്തൽ കരാർ നടപ്പാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ നടപ്പാക്കണമെന്ന ഇസ്രായിൽ മന്ത്രിസഭയുടെ നിർദ്ദേശം നെതന്യാഹു അംഗീകരിച്ചു.
ഇസ്രായിൽ സൈന്യം ഉടൻ ലെബനോൺ അതിർത്തിയിൽനിന്ന് പിൻവാങ്ങും. വെടിനിർത്തൽ നിർദ്ദേശം ഇസ്രായിൽ സുരക്ഷാമന്ത്രിസഭ അംഗീകരിച്ചു.
ടെലിവിഷൻ പ്രസംഗത്തിലാണ് നെതന്യാഹു വെടിനിർത്തൽ പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉടൻ ലോകത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ സംഘർഷം അവസാനിപ്പിക്കാൻ വഴിയൊരുക്കുന്ന കരാർ ബുധനാഴ്ച പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.
യു.എസ് പ്രസിഡൻ്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും വെടിനിർത്തൽ പ്രഖ്യാപനത്തിന് വഴിയൊരുക്കുമെന്ന് ലെബനീസ് സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
വെടിനിർത്തൽ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിനിടെ രാജ്യം “അപകടകരവും നിർണായകവുമായ മണിക്കൂറുകൾ” അഭിമുഖീകരിച്ചതായി ലെബനനിലെ ഹിസ്ബുള്ള പാർലമെൻ്റ് അംഗം ഹസൻ ഫദ്‌ലല്ല പറഞ്ഞു. അതേസമയം ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച് ധാരണയില്ല.
ലെബനോൺ വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങണം. ലിറ്റാനി നദിയുടെ തെക്ക് അതിർത്തിയിൽ ഹിസ്ബുള്ള അതിൻ്റെ സായുധ സാന്നിധ്യം അവസാനിപ്പിക്കും.
ഇസ്രായേൽ സൈന്യം പിൻവാങ്ങുന്നതോടെ തെക്കൻ ലെബനനിൽ കുറഞ്ഞത് 5,000 സൈനികരെ ലെബനോൺ വിന്യസിക്കും. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിൽ അമേരിക്ക പങ്കുവഹിക്കുമെന്നും ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് പറഞ്ഞു.
ലെബനനുമായുള്ള അന്തിമ വെടിനിർത്തൽ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ ഏതു തരം പ്രകോപനത്തെയും ശക്തമായി നേരിടുമെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ചൊവ്വാഴ്ച പറഞ്ഞു.