തെല്‍അവീവ് – ഹമാസിനെ ‘സ്വാതന്ത്ര്യ പോരാളി’കള്‍ എന്ന് ഇസ്രായിലി ഇടതുപക്ഷ പത്രമായ ഹാരെട്‌സിന്റെ പ്രസാധകന്‍ വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് പത്രവുമായുള്ള എല്ലാ ബന്ധങ്ങളും ഇസ്രായില്‍ ഗവണ്‍മെന്റ് വിച്ഛേദിച്ചു. അച്ചടി പതിപ്പിലോ പത്രത്തിന്റെ വെബ്‌സൈറ്റിലോ സര്‍ക്കാര്‍ ടെണ്ടറുകളുടെ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധം നിര്‍ത്താനുള്ള തന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ കര്‍ഹിയുടെ ഓഫീസ് അറിയിച്ചു. ഹാരെറ്റ്‌സ് പത്രവുമായുള്ള പരസ്യ ബന്ധങ്ങള്‍ സര്‍ക്കാര്‍ വിച്ഛേദിക്കും. സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും മന്ത്രാലയ ശാഖകളും സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങളും ഏജന്‍സികളും ഹാരെറ്റ്‌സുമായി ഒരു വിധത്തിലും ആശയവിനിമയം നടത്തരുത്.
സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും പിന്തുണക്കുന്നു. എന്നാല്‍ ഒരു ഔദ്യോഗിക പത്രം സര്‍ക്കാറിനെതിരെ ഉപരോധം ആവശ്യപ്പെടുകയും യുദ്ധത്തിനിടെ ശത്രുക്കളെ പിന്തുണക്കുകയും ചെയ്യുന്ന ഒരു സാഹചര്യം അംഗികരിക്കില്ല. ലോകത്ത് ഇസ്രായില്‍ രാഷ്ട്രത്തിന്റെ നിയമസാധുതക്കും സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനും ഹാനികരമായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെയും കഴിഞ്ഞ മാസം ലണ്ടനില്‍ നടന്ന ഒരു സമ്മേളനത്തില്‍ പത്രത്തിന്റെ പ്രസാധകന്‍ അമോസ് ഷോക്കന്‍ ഹമാസിനെ കുറിച്ച് നടത്തിയ അഭിപ്രായങ്ങളുടെയും പശ്ചാത്തലത്തിലാണ് പത്രം ബഹിഷ്‌കരിക്കാനുള്ള തീരുമാനം.
ഇസ്രായിലിലെ ഒരു ഔദ്യോഗിക പത്രത്തിന്റെ പ്രസാധകന്‍ ഇസ്രായിലിനെതിരെ ഉപരോധത്തിന് ആഹ്വാനം ചെയ്യുകയും യുദ്ധത്തിനിടയില്‍ ഭരണകൂടത്തിന്റെ ശത്രുക്കളെ പിന്തുണക്കുകയും ചെയ്യുകയും സര്‍ക്കാര്‍ ആ പത്രത്തിന് ധനസഹായം നല്‍കുകയും ചെയ്യുന്ന ഒരു സാഹചര്യം അനുവദിക്കരുത് – കമ്മ്യൂണിക്കേഷന്‍സ് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീന്‍ ജനതയോട് കടുത്ത വര്‍ണവിവേചനം കാണിക്കുന്ന ഭരണകൂടത്തെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്നതെന്ന് അമോസ് ഷോക്കന്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികള്‍ സംരക്ഷിക്കാനുള്ള ഭീമമായ ചെലവ് ഇസ്രായില്‍ ഗവണ്‍മെന്റ് അവഗണിക്കുന്നു. ഇസ്രായില്‍ ഭീകരരെന്ന് വിളിക്കുന്ന ഫലസ്തീന്‍ സ്വാതന്ത്ര്യ സമര പോരാളികളോട് ഇസ്രായില്‍ പോരടിക്കുന്നു. ഗാസയില്‍ നടക്കുന്നത് രണ്ടാമത്തെ നക്ബ (വംശീയ ഉന്മൂലനം) ആണ് – അമോസ് ഷോക്കന്‍ ലണ്ടന്‍ സമ്മേളനത്തില്‍ പറഞ്ഞു.
ഷോക്കന്റെ നിലപാടുകളെ എതിര്‍ക്കാന്‍ പിന്നീട് ഹാരെറ്റ്‌സ് ശ്രമിച്ചു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ഏതൊരു സംഘടനയും തീവ്രവാദ സംഘടനയാണെന്നും അതിലെ അംഗങ്ങള്‍ തീവ്രവാദികളാണെന്നും അവര്‍ സ്വാതന്ത്ര്യ സമര പോരാളികളല്ലെന്നും അമോസ് ഷോക്കന്റെ പ്രസ്താവനകളെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ലേഖനത്തില്‍ പത്രം പറഞ്ഞു. എന്നിട്ടും പത്രത്തിനെതിരായ ഔദ്യോഗിക ആക്രണങ്ങള്‍ ശമിച്ചില്ല. ഇസ്രായിലിനു മേല്‍ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇതിന് പത്തു വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന കരടു നിയമം അയക്കാന്‍ ഇസ്രായില്‍ നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ ഇസ്രായില്‍ ഗവണ്‍മെന്റിന്റെ നിയമ ഉപദേഷ്ടാവ് ഗാലി ബെഹാരീവ് മിയാരയോട് ആവശ്യപ്പെട്ടു.
ഹാരെറ്റ്‌സ് പത്രത്തെ ബഹിഷ്‌കരിക്കാനുള്ള ഔദ്യോഗിക തീരുമാനം പുറത്തുവരുന്നതിനു മുമ്പായി, ഹാരെറ്റ്‌സ് ഗ്രൂപ്പുമായുള്ള മന്ത്രാലയത്തിന്റെ എല്ലാ ഇടപാടുകളും ഉടനടി നിര്‍ത്താന്‍ ഗതാഗത മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മോഷെ ബെന്‍ സകാന്‍ ഔദ്യോഗിക വക്താക്കള്‍ക്കും മന്ത്രാലയത്തിലെ മീഡിയ വകുപ്പിനും നിര്‍ദേശം നല്‍കി. മറ്റു വകുപ്പുകളും ഈ പാത പിന്തുടരണമെന്നും മോഷെ ബെന്‍ സകാന്‍ ആവശ്യപ്പെട്ടു.
ഗാസ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന ഹാരെറ്റ്‌സിന്റെ ശൈലി കാരണം ഇസ്രായില്‍ ഗവണ്‍മെന്റും പത്രവും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ നല്ല നിലയിലായിരുന്നില്ല. നിലവിലെ ഗവണ്‍മെന്റിന്റെ നയങ്ങളോടുള്ള എതിര്‍പ്പും പൊതുവെ യുദ്ധങ്ങള്‍ക്കെതിരായ നിലപാടും ഹാരെറ്റ്‌സ് പ്രകടിപ്പിക്കുന്നു. 2021 ല്‍ ഇസ്രായിലിന്റെ ഗാസ യുദ്ധക്കാലത്ത് ഇസ്രായില്‍ ഗാസയില്‍ കൊലപ്പെടുത്തിയ 67 ഫലസ്തീനി കുട്ടികളുടെ ഫോട്ടോകള്‍ ഒന്നാം പേജില്‍ ഹാരെറ്റ്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് യുദ്ധത്തിന്റെ വിലയെന്ന് ഫോട്ടോകള്‍ക്ക് അടിക്കുറിപ്പായി പത്രം പറഞ്ഞു. ദേശവിരുദ്ധത വരെ ആരോപിക്കുന്ന നിലക്ക് ഇപ്പോള്‍ സര്‍ക്കാറില്‍ നിന്നും തീവ്രവലതുപക്ഷ കക്ഷികളില്‍ നിന്നുമുള്ള കടുത്ത ആക്രമണങ്ങള്‍ നേരിടുന്നതിനു മുമ്പു തന്നെ തങ്ങള്‍ക്കെതിരായ ഇസ്രായില്‍ ഗവണ്‍മെന്റ് സമീപനത്തെ ഹാരെറ്റ്‌സ് വിമര്‍ശിച്ചിരുന്നു. ഇസ്രായിലി ജനാധിപത്യം തകര്‍ക്കാനുള്ള നെതന്യാഹുവിന്റെ ശ്രമത്തിലെ മറ്റൊരു ചുവടുവെപ്പാണ് പത്രത്തിനെതിരായ ഗവണ്‍മെന്റ് സമീപനമെന്നും നിലപാടില്‍ നിന്ന് തങ്ങള്‍ പിന്നോട്ടുപോകില്ലെന്നും സര്‍ക്കാര്‍ അംഗീകരിക്കുന്ന സന്ദേശങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഗവണ്‍മെന്റ് ലഘുലേഖയായി തങ്ങള്‍ മാറില്ലെന്നും ഹാരെറ്റ്‌സ് പറഞ്ഞു.
ഹാരെറ്റ്‌സിനെതിരായ സര്‍ക്കാറിന്റെ ബഹിഷ്‌കരണ തീരുമാനം സമാന ശൈലി സ്വീകരിക്കുന്ന മറ്റു മാധ്യങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ മന്ത്രിമാരെ പ്രോത്സാഹിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഇസ്രായിലിന് വലിയ കോട്ടം തട്ടിച്ച, ഗാസയില്‍ നിന്നുള്ള ആയിരക്കണക്കിന് ഫലസ്തീനികളെ മനുഷ്യത്വരഹിതമായ സാഹചര്യത്തില്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന സദി തൈമാന്‍ ജയിലുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ നല്‍കിയ ന്യൂസ് 12, എന്‍ 12 എന്നിവയുമായും സര്‍ക്കാര്‍ സഹകരണം നിര്‍ത്തേണ്ടതുണ്ടെന്ന് ഇസ്രായിലി ഹെറിറ്റേജ് മന്ത്രി അമിഹായ് എലിയാഹു പറഞ്ഞു. എന്നാല്‍ കൂടുതല്‍ മാധ്യമങ്ങള്‍ക്കെതിരെ ബഹിഷ്‌കരണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാറിന് കൂടുതല്‍ കോട്ടം തട്ടിക്കുമെന്ന് പറഞ്ഞ് മറ്റു മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു.