റോം – ഗാസയിലും ലെബനോനിലും വെടിനിര്‍ത്തലിന് അന്താരാഷ്ട്ര സമൂഹം സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ഇറ്റലിയില്‍ ജി-7 വിദേശ മന്ത്രിമാരും ഏതാനും അറബ് രാജ്യങ്ങളുടെ വിദേശ മന്ത്രിമാരും പങ്കെടുത്ത വിപുലമായ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ഉടനടി വെടിനിര്‍ത്തലിന് നീക്കങ്ങള്‍ നടത്തുകയും നിയന്ത്രണങ്ങളില്ലാതെ സഹായ വിതരണം ഉറപ്പാക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കുകയും വേണം. പ്രാദേശികവും അന്തര്‍ദേശീയവുമായ വെല്ലുവിളികള്‍ നേരിടാന്‍ ബഹുമുഖ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടത്തണം.
ലെബനോനില്‍ സംഘര്‍ഷം ലഘൂകരിക്കുകയും ലെബനോന്റെ പരമാധികാരം മാനിക്കുകയും വേണം. സുഡാന്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരത്തില്‍ എത്തിച്ചേരലും അവിടെയുള്ള മനുഷ്യരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കലും അടിയന്തിര ആവശ്യമാണെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു. ‘മധ്യപൗരസ്ത്യദേശത്തിന്റെ സ്ഥിരതക്ക് ഒരുമിച്ച്’ എന്ന ശീര്‍ഷകത്തില്‍ നടന്ന യോഗത്തില്‍ ജി-7 രാജ്യങ്ങളുടെ വിദേശ മന്ത്രിമാര്‍ക്കു പുറമെ, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്തും പങ്കെടുത്തു.
യോഗത്തോടനുബന്ധിച്ച് ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ അന്റോണിയോ തജാനി, കനേഡിയന്‍ വിദേശ മന്ത്രി മിലാനി ജോളി എന്നിവരുമായി സൗദി വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചകള്‍ക്കിടെ മന്ത്രിമാര്‍ വിശകലനം ചെയ്തു. ഇറ്റലിയിലെ സൗദി അംബാസഡര്‍ ഫൈസല്‍ ബിന്‍ സത്താം ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ചര്‍ച്ചയിലും കൂടിക്കാഴ്ചകളിലും സംബന്ധിച്ചു.