ജിദ്ദ – ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട നാലംഗ മയക്കുമരുന്ന് വിതരണ സംഘത്തെ ജിദ്ദയില്‍ നിന്ന് പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതി അടക്കം മൂന്നു ബംഗ്ലാദേശുകാരാണ് ശേഷിക്കുന്ന പ്രതികള്‍. അതിമാരക രാസലഹരിയാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ ജനറല്‍ ഡയറക്ടറേററ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ വിഫലമാക്കി
റിയാദ് – ഉത്തര സൗദിയിലെ അല്‍ഹദീഥ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താനുള്ള നീക്കം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫമാക്കി. അഞ്ചിടങ്ങളിലാണ് സുരക്ഷാസൈന്യം മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. 3,13,906 ലഹരി ഗുളികകളാണ് കടത്താന്‍ ശ്രമിച്ചത്. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്ന് ശേഖരങ്ങള്‍ കണ്ടെത്തിയത്.
വാഹനത്തിന്റെ മേല്‍ക്കൂരയിലെ രഹസ്യ അറയിലും മയക്കുമരുന്ന് കടത്തുകാരന്റെ അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയില്‍ 86,000 ലഹരി ഗുളികകള്‍ ആദ്യ സംഭവത്തില്‍ കണ്ടെത്തി. ട്രക്കിന്റെ കാബിനിലെ റെഫ്രിജറേറ്ററില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 65,116 ലഹരി ഗുളികകളും വാഹനത്തിന്റെ അടിഭാഗത്ത് ഒളിപ്പിച്ച് കടത്തിയ 52,907 ലഹരി ഗുളികകളും മറ്റൊരു വാഹനത്തിന്റെ ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച 55,232 മയക്കുമരുന്ന് ഗുളികകളും വാഹനത്തിന്റെ സ്റ്റെപ്പിനി ടയറിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 54,651 ലഹരി ഗുളികകളും അല്‍ഹദീസ അതിര്‍ത്തി പോസ്റ്റില്‍ വെച്ച് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി.