കോഴിക്കോട്: വടകര ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറെ വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ പോലീസിന് കോടതിയുടെ അന്ത്യശാസനം. എം എസ് എഫ് പ്രവർത്തകൻ മുഹമ്മദ് കാസിം സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.
ഇന്ന് ഉച്ചയ്ക്കുതന്നെ റിപോർട്ട് സമർപ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. കേസ് 2.30ന് വീണ്ടും പരിഗണിക്കാനായി മാറ്റി. നേരത്തേ കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപെട്ടിട്ടും പോലീസ് റിപോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ അന്ത്യശാസനം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ അവസാനവട്ട സമയത്താണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ്ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോട്ട് പ്രചാരണമുണ്ടായത്. ആദ്യ ഘട്ടത്തിൽ ഇത് യു.ഡി.എഫിനെതിരേ സി.പി.എം ആയുധമാക്കിയെങ്കിലും തുടർന്ന് ഇടതു കേന്ദ്രങ്ങളെ അമ്പേ പ്രതിരോധത്തിലാക്കുംവിധമാണ് കേസിന്റെ തുടർച്ചയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ഹരജിക്കാരൻ നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി കേസ് പരിഗണിച്ച കീഴ്്‌ക്കോടതിയെ തന്നെ സമീപിക്കാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.എസ്.എഫ് പ്രവർത്തകൻ വീണ്ടും കോടതിയിലെത്തിയത്.
കേസിന്റെ തുടക്കം മുതലേ യഥാർത്ഥ പ്രതികളെ വിളിച്ച് അവരുടെ ഫോണുകൾ പരിശോധിച്ച് ശക്തമായ നടപടികളിലേക്ക് പോകാൻ പോലീസിന് സാധിച്ചില്ലെന്ന് വിമർശമുയർന്നിരുന്നു. കേസിൽ സി.പി.എം പ്രതിരോധത്തിലായതോടെയാണ് പോലീസിന്റെ മെല്ലപ്പോക്കുണ്ടായതെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിമർശം. വിവാദം കൂടുതൽ കത്തിയതോടെ, പ്രതികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് പാർട്ടി നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിന്നീട് പ്രതികരിച്ചിരുന്നു.