ഗാസ – ഇസ്രായിലിന്റെ ഗാസ ഉന്മൂലന യുദ്ധത്തില്‍ അമേരിക്ക നേരിട്ടുള്ള പങ്കാളിയാണെന്ന്, ഗാസ വെടിനിര്‍ത്തല്‍ പ്രമേയത്തെ യു.എന്‍ രക്ഷാ സമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തതിനു പിന്നാലെ ഹമാസ് ആരോപിച്ചു. രക്ഷാ സമിതിയിലെ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ അമേരിക്ക മാത്രമാണ് വീറ്റോ അധികാരം പ്രയോഗിച്ച് എതിര്‍ത്ത് വോട്ടു ചെയ്തത്. രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളല്ലാത്ത പത്തു രാജ്യങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഗാസയില്‍ നിരുപാധികമായ വെടിനിര്‍ത്തലിനെ അമേരിക്ക പിന്തുണക്കില്ലെന്ന് രക്ഷാ സമിതിയിലെ അമേരിക്കന്‍ പ്രതിനിധി പറഞ്ഞു.
നിരുപാധികമായ വെടിനിര്‍ത്തല്‍ എന്നാല്‍ ഗാസയില്‍ ഹമാസിന്റെ തുടര്‍ച്ചയായ ഭരണം അംഗീകരിക്കുക എന്നതാണ്, ഞങ്ങള്‍ അത് ഒരിക്കലും അംഗീകരില്ല – യു.എസ് പ്രതിനിധി പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിനെ ഫലസ്തീന്‍ പ്രസിഡന്‍സി അപലപിച്ചു. വെടിനിര്‍ത്തല്‍ പ്രമേയം പരാജയപ്പെടുത്താന്‍ നാലാം തവണയും അമേരിക്കന്‍ ഭരണകൂടം അതിന്റെ വീറ്റോ അധികാരം പ്രയോഗിച്ചത് അന്താരാഷ്ട്ര പ്രമേയങ്ങളും നിയമങ്ങളും ധിക്കരിച്ച് ഫലസ്തീന്‍ ജനതക്കും ലെബനീസ് ജനതക്കും എതിരായ കുറ്റകൃത്യങ്ങള്‍ തുടരാന്‍ ഇസ്രായിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇസ്രായില്‍ ആക്രമണം നിര്‍ത്തണമെന്നും ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ഗാസയില്‍ നിന്ന് ഇസ്രായില്‍ പിന്‍വാങ്ങണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്യുക വഴി ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായില്‍ തുടരുന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്കക്കാണ്. ഫലസ്തീന്‍ ജനതയോടുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹവും രക്ഷാ സമിതിയും നിറവേറ്റി ഇസ്രായില്‍ ആക്രമണവും ഗാസയിലെ ഫലസ്തീനികല്‍ അനുഭവിക്കുന്ന പട്ടിണിയും മാനുഷിക ദുരന്തവും ഉടനടി അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി ആവശ്യപ്പെട്ടു. ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന രക്ഷാ സമിതി പ്രമേയത്തിനെതിരെ വീറ്റോ അധികാരം പ്രയോഗിക്കാന്‍ അമേരിക്കക്ക് നീതീകരണങ്ങളൊന്നുമില്ലെന്ന് യു.എന്നിലെ ഫലസ്തീന്‍ ഡെപ്യൂട്ടി അംബാസഡര്‍ മാജിദ് ബാമിയ പറഞ്ഞു.
ഗാസ യുദ്ധം അവസാനിച്ച ശേഷമല്ലാതെ
ബന്ദി കൈമാറ്റ കരാറില്ലെന്ന് ഹമാസ്
ഗാസ യുദ്ധം അവസാനിച്ച ശേഷമല്ലാതെ ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാന്‍ ഇസ്രായിലുമായി ഒരു കരാറും ഉണ്ടാകില്ലെന്ന് ഗാസയിലെ ഹമാസ് ആക്ടിംഗ് തലവന്‍ ഖലീല്‍ അല്‍ഹയ്യ പറഞ്ഞു. യുദ്ധം നിര്‍ത്താതെ ബന്ദികളെ കൈമാറില്ല. ഇത് പരസ്പരബന്ധിതമായ ഒരു സമവാക്യമാണ്. ഞങ്ങള്‍ വ്യക്തമായി പറയുന്നു: ഈ ആക്രമണം അവസാനിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഏതെങ്കിലും ബന്ദികളെ കൈമാറണമെങ്കില്‍ യുദ്ധം ആദ്യം നിര്‍ത്തണം – അല്‍അഖ്‌സ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.
ഗാസ ഭരണം കൈയാളുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന നിര്‍ദേശം ഈജിപ്ത് ഹമാസിനു മുന്നില്‍ വെച്ചിട്ടുണ്ട്. ഈ പ്രശ്‌നം ഹമാസ് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തു. യുദ്ധാനന്തര ഗാസ ഭരണവുമായി ബന്ധപ്പെട്ട് സമവായത്തിനായി ഞങ്ങള്‍ വലിയ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട്. ഗാസയില്‍ എല്ലാം കൈകാര്യം ചെയ്യുന്നതിന്നായി ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഈജിപ്ത് തുടരുകയാണ്. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള, സര്‍ക്കാര്‍ ജോലികള്‍ നിര്‍വഹിക്കുന്ന ഒരു കൂട്ടം പ്രൊഫഷനലുകളെ ഉള്‍പ്പെടുത്തിയാണ് ദേശീയ കമ്മിറ്റി രൂപീകരിക്കുക. കമ്മിറ്റിക്ക് വെസ്റ്റ് ബാങ്ക് ഗവണ്‍മെന്റുമായി അടുത്ത ബന്ധം ഉണ്ടായിരിക്കണം. കമ്മിറ്റിക്കു വേണ്ടി പ്രതിരോധിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു സൂപ്പര്‍വൈസറി ബോഡിയും ഉണ്ടായിരിക്കണം.
ഫലസ്തീന്‍ അതോറിറ്റിയുടെയും ഈജിപ്തിന്റെയും ഏകോപനത്തില്‍ ഒരു മുതിര്‍ന്ന ദേശീയ നേതാവിന്റെ നേതൃത്വത്തില്‍ ഗാസയില്‍ പോലീസ് സംവിധാനത്തിന്റെ നടത്തിപ്പിനുള്ള കരാര്‍ ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ചില ആശയവിനിമയങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഹമാസ് വഴക്കം കാണിക്കുന്നു.
യുദ്ധം നിര്‍ത്തുന്നതിനെ കുറിച്ചോ കുടിയിറക്കപ്പെട്ടവരെ തിരിച്ചെത്തിക്കുന്നതിനെയോ കുറിച്ച് അടുത്തിടെ അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം പരാമര്‍ശിക്കുന്നില്ല. മറിച്ച്, ചില ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കുന്നതിനെ കുറിച്ച് മാത്രമാണ് അമേരിക്കന്‍ നിര്‍ദേശം സംസാരിക്കുന്നത്. വടക്കന്‍ ഗാസയിലെ മുഴുവന്‍ ജനങ്ങളെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കാനും അവരെ പട്ടിണിക്കിടാനും കീഴടങ്ങാന്‍ നിര്‍ബന്ധിരാക്കാനും ലക്ഷ്യമിട്ട് ഉത്തര ഗാസയെ ഗാസ സിറ്റിയില്‍ നിന്ന് ഇസ്രായില്‍ വേര്‍പ്പെടുത്തി.
ദക്ഷിണ ഗാസയിലെ സ്ഥിതിഗതികളും ഭിന്നമല്ല. റഫ ഇപ്പോള്‍ ഏറെക്കുറെ വിജനമായിരിക്കുന്നു. റഫ പൂര്‍ണമായും ഇസ്രായിലിന്റെ നിയന്ത്രണത്തിലാണ്. റഫയുടെ വടക്കു ഭാഗത്തേക്ക് അടുക്കുന്ന ഏതു ഫലസ്തീനിയും തല്‍ക്ഷണം കൊല്ലപ്പെടും. ഈജിപ്ത് അതിര്‍ത്തിയില്‍ നിന്ന് 500 മീറ്ററിലേറെ ഉള്‍ഭാഗത്ത് ദക്ഷിണ അതിര്‍ത്തി പ്രദേശം പൂര്‍ണമായും തകര്‍ക്കപ്പെട്ടിരിക്കുന്നു.
റിലീഫ് വസ്തുക്കള്‍ വഹിച്ച 250 ട്രക്കുകള്‍ ദിവസേന ഗാസയില്‍ കടക്കാന്‍ അനുവദിക്കുന്നുവെന്ന് ഇസ്രായില്‍ ലോകത്തോട് കള്ളം പറയുകയാണ്. ഗാസയില്‍ പ്രവേശിക്കുന്ന ട്രക്കുകളുടെ എണ്ണം വളരെ കുറവാണെന്നതാണ് സത്യം. മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുടെ പ്രവേശനത്തെ ഇസ്രായില്‍ നിയന്ത്രിക്കുന്നു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ വ്യാപാരം പൂര്‍ണമായും തടഞ്ഞു. കഴിഞ്ഞ മെയ് ഏഴു മുതല്‍ റഫ ക്രോസിംഗ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. കേരം ഷാലോം ക്രോസിംഗിനെയാണ് ഗാസ ഒരു പരിധി വരെ ആശ്രയിക്കുന്നത്. റിലീഫ് വസ്തുക്കളുമായി ഗാസയില്‍ പ്രവേശിക്കുന്ന ട്രക്കുകളുടെ എണ്ണവും തരങ്ങളും ഇസ്രായില്‍ പരിമിതപ്പെടുത്തുന്നു. ഇത് ലോകം സാക്ഷ്യം വഹിക്കുന്ന വ്യക്തവും അപകടകരവുമായ പട്ടിണിയിലേക്ക് നയിക്കുന്നു. ഗാസയില്‍ സാധ്യവും ലഭ്യവുമായ നിലക്ക് അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്നതിന് റഫ ക്രോസിംഗ് തുറക്കുന്നതിനുള്ള ഒരു സംവിധാനത്തെ കുറിച്ച് ധാരണയിലെത്താന്‍ കഴിയുമെന്നും ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.