ജിദ്ദ: നവീന ആശയങ്ങൾക്കും പ്രചോദനപരമായ ചർച്ചകൾക്കും മുൻഗണന നൽകുന്ന ജിദ്ദയിലെ “ഡയലോഗ്സ്” സീരിസ് ഭാഗമായി സംഘടിപ്പിച്ച “അനുഭവങ്ങൾ കഥപറയുന്നു” പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആറ് പ്രഭാഷകർ പങ്കെടുത്ത പരിപാടി വൈവിധ്യം കൊണ്ടു ശ്രദ്ധേയമായി. ഡോ. വിനീത പിള്ള, ഹംസ മദാരി, മുസ്തഫ മാസ്റ്റർ, മിർസ ഷരീഫ്, മുഹമ്മദ് കുട്ടി വള്ളുവനാട്, ബഷീർ വള്ളിക്കുന്ന് എന്നിവർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചു. ഡോ. വിനീത പിള്ള മരണത്തിന്റെയും ജീവിതത്തിന്റെയും അതിർത്തിയിൽ ഡോക്ടർമാർ നേരിടുന്ന മാനസിക വെല്ലുവിളികൾ പങ്കുവെച്ചു. ഹംസ മദാരി ഭാഷയുടെ പരിണാമം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ചർച്ചചെയ്തു.
മുസ്തഫ മാസ്റ്റർ മാനസിക, ശാരീരിക ആരോഗ്യത്തിനുള്ള മാർഗങ്ങൾ വിശദീകരിച്ചു. മിർസ ഷരീഫ് സംഗീതജീവിതാനുഭവങ്ങൾ പങ്കുവെച്ചു. പ്രവാസജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് മുഹമ്മദ് കുട്ടി വള്ളുവനാട് ചർച്ച ചെയ്തു, ബഷീർ വള്ളിക്കുന്ന് സോഷ്യൽ മീഡിയയുടെ സുതാര്യമായ പ്രയോഗത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
നാസർ തിരുനിലത്ത് ഡയലോഗിന്റെ ഭാവി പരിപാടികളെ കുറിച്ചും ലക്ഷ്യങ്ങൾക്കായി സ്വീകരിക്കേണ്ട മാർഗരേഖകളെ കുറിച്ചും വിശദീകരിച്ചു. റജിയ വീരാൻ, കൃപ കുരുങ്ങാട്ട്, അൻവർ വണ്ടൂർ തുടങ്ങിയവരുടെ ചോദ്യോത്തര സെഷൻ ഏറെ ശ്രദ്ധേയമായിരുന്നു.
ഷാജു അത്താണിക്കൽ അദ്ധ്യക്ഷനായ പരിപാടിയിൽ, സഹീർ കൊടുങ്ങല്ലൂർ സ്വാഗതവും അലി അരീക്കത്ത് നന്ദിയും പറഞ്ഞു. അസ്സൈൻ ഇല്ലിക്കൽ, അദ്നാൻ, ഫെബിൻ, കൃപ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.