ഗുവാഹത്തി: പുഴയിലൂടെ ഒഴുകിയെത്തിയത് രണ്ടു വയസുകാരന്റെ തലയില്ലാത്ത മൃതദേഹം. കൈകൾ മുറിച്ചുമാറ്റിയിരിക്കുന്നു. ശരീരമാണെങ്കിൽ അഴുകുത്തുടങ്ങിയിരിക്കുന്നു. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ മെയ്തേയ് സമൂഹത്തിൽ നിന്നുള്ള ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ ലൈഷാറാം ഹീറോജിത്ത് കണ്ടത് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഭയാനകമായ കാഴ്ച. ഹീറോജിത്തിന്റെ രണ്ട് മക്കളും ഭാര്യയും അമ്മായിയമ്മയും ഭാര്യയുടെ സഹോദരിയും അവരുടെ മകനും കൊല്ലപ്പെട്ടു. അസം അതിർത്തിയിലുള്ള പട്ടണത്തിൽനിന്ന് തിങ്കളാഴ്ച ബന്ദികളാക്കിയ ശേഷമാണ് കുക്കികൾ ഇവരെ കൊലപ്പെടുത്തിയത്.
ഹീറോജിത്തിൻ്റെ 60 വയസ്സുള്ള അമ്മായിയമ്മയുടെയും രണ്ടര വയസ്സുള്ള മകൻ്റെയും ഭാഗികമായി അഴുകിയ മൃതദേഹങ്ങൾ ജിരിബാമിനടുത്തുള്ള നദിയിൽനിന്നാണ് കണ്ടെത്തിയത്. ഹീറോജിത്തിൻ്റെ മകൻ്റെ തലയില്ലാത്ത മൃതദേഹം, ഒടിഞ്ഞ മരക്കൊമ്പുകൾക്കിടയിൽനിന്നാണ് കണ്ടെത്തിയത്. കൈകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു. കുട്ടിയുടെ മുത്തശ്ശിയുടെ അർദ്ധനഗ്നമായ മൃതദേഹവും നദിയിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തി.
220-ലെ ജിരിബാമിലെ ബോറോബെക്രയിൽ തീവ്രവാദികളും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും (സി.ആർ.പി.എഫ്) തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് രണ്ടു വയസുള്ള ആൺകുട്ടിയെയും കുടുംബത്തെയും തോക്കിൻമുനയിൽ നിർത്തി ബന്ദികളാക്കിയത്. മൂന്ന് മൃതദേഹങ്ങൾ വെള്ളിയാഴ്ച വൈകിട്ട് 7.30ന് അസമിലെ സിൽചാറിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹീറോജിത്തിൻ്റെ എട്ട് മാസം പ്രായമുള്ള കുഞ്ഞ്, ഭാര്യയുടെ സഹോദരി, എട്ട് വയസ്സുള്ള മകൾ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബത്തിലെ ആറുപേരും മരിച്ചതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും ഹീറോജിത്തിൻ്റെ ഭാര്യയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല.
ശനിയാഴ്ച രാവിലെ ദുരന്തത്തിൻ്റെ റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെ, സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർ ഭരണകക്ഷിയായ ബി.ജെപി എം.എൽ.എമാരുടെ വീടുകൾ തകർക്കുകയും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിൻ്റെ ഔദ്യോഗിക ബംഗ്ലാവ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്നതിൽ സർക്കാർ നിഷ്ക്രിയമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുക്കി തീവ്രവാദികൾ ആക്രമണം നടത്തിയത്. ഒരു സംഘം സാധാരണക്കാരെ ബന്ദികളാക്കിയപ്പോൾ മറ്റേ സംഘം വീടുകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്യുകയായിരുന്നു. സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയ സംഘത്തിലെ പത്ത് തീവ്രവാദികൾ വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
മണിപ്പൂരിൽ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതിനെ രാഷ്ട്രീയ നേതാക്കൾ പാർട്ടി ഭേദമില്ലാതെ അപലപിച്ചു. കലാപസമാനമായ സാഹചര്യത്തിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലല്ല, മറിച്ച് അവരെ വധിക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനാണെന്ന് പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു.