ഗാസ – ഉത്തര ഗാസയില്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കഴിയുന്ന യു.എന്‍ റിലീഫ് ഏജന്‍സിക്കു കീഴിലെ സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏതാനും പേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിലെ അബൂആസി സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രായിലി യുദ്ധവിമാനങ്ങള്‍ സ്‌കൂളിനു നേരെ രണ്ടു മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു. ഗാസ യുദ്ധത്തിനിടെ ഈ സ്‌കൂളിനു നേരെ മുമ്പും പലതവണ ആക്രമണമുണ്ടായിട്ടുണ്ട്.
ഗാസ നഗരത്തിലും ഖാന്‍ യൂനിസിലും ബാര്‍ബര്‍ ഷോപ്പും വീടും ലക്ഷ്യമിട്ടും ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തി. ഗാസ നഗരത്തിന് കിഴക്ക് അല്‍ദറജ് ഡിസ്ട്രിക്ടില്‍ ബാര്‍ബര്‍ ഷോപ്പ് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഖൈസാന്‍ അല്‍നജാര്‍ ഏരിയയില്‍ വീട് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ നാലു ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം 38 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ദക്ഷിണ ഇസ്രായിലിലെ സെദറോത്ത് നഗരം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. രണ്ടു മിസൈലുകള്‍ വെടിവെച്ചിട്ടതായി ഇസ്രായിലി സൈന്യം പറഞ്ഞു. ഉത്തര ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായിലി സൈനിക ഉപകരണങ്ങള്‍ ഫലസ്തീന്‍ പോരാളികള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടു. യാസീന്‍-105 ഇനത്തില്‍ പെട്ട ഷെല്‍ ഉപയോഗിച്ച് ഇസ്രായിലി ബുള്‍ഡോസറും പാറ്റന്‍ ടാങ്കും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇസ്രായിലി സൈനികര്‍ സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന്റെയും പാറ്റന്‍ ടാങ്ക് ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തി ടാങ്കിനു മുകളില്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പോരാളികള്‍ കയറി നില്‍ക്കുന്നതിന്റെയും യന്ത്രത്തോക്കുകള്‍ തട്ടിയെടുത്തതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളും അല്‍ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടു.