കുവൈത്ത് സിറ്റി: 36 വര്‍ഷം മുമ്പ് നിയമ വിരുദ്ധമായി കുവൈത്ത് പൗരത്വം സമ്പാദിച്ച സുഡാനിയുടെ പൗരത്വം കുവൈത്ത് റദ്ദാക്കി. തുടർ നിയമ നടപടികള്‍ക്കായി ഇയാള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നേരത്തെ മരണപ്പെട്ട കുവൈത്തി വനിതയ്ക്ക് പണം നല്‍കി 1988ലാണ് സുഡാൻ സ്വദേശി കുവൈത്ത് പൗരത്വം തരപ്പെടുത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവാണെന്നും ഈ കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നതായും കുവൈത്തി വനിത വാദിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സുഡാനിക്ക് കുവൈത്തി പൗരത്വം ലഭിക്കുകയുമായിരുന്നു.
സുഡാനിയുടെയും ഇയാളുടെ ഭാര്യയുടെയും മക്കളുടെയും കുവൈത്തി പൗരത്വം റദ്ദാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. അനധികൃത രീതിയില്‍ കുവൈത്ത് പൗരത്വം നേടിയ ആയിരക്കണക്കിന് വിദേശികളുടെ പൗരത്വം ഏതാനും മാസങ്ങള്‍ക്കിടെ കുവൈത്ത് റദ്ദാക്കിയിട്ടുണ്ട്. നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ പൗരത്വം നേടിയതുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിച്ച് ഇത്തരക്കാരുടെ പൗരത്വം റദ്ദാക്കാന്‍ ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസുഫിന്റെ അധ്യക്ഷതയില്‍ സുപ്രീം കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്.