കോഴിക്കോട്: ശിശുദിനത്തിൽ ചെറുപ്പത്തിലെ സ്റ്റൈലിഷ് ചിത്രം പങ്കുവെച്ച് ആശംസകൾ നേർന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്.
തലയിൽ ഒരു തൊപ്പിയും കഴുത്തിൽ പുലി നഖം മാലയുമിട്ട് സ്റ്റൈലായി പോസ് ചെയ്യുന്ന ചിത്രമാണ് മന്ത്രി എഫ്.ബിയിൽ പങ്കുവച്ചത്. ഇതോട് നിരവധി പേരാണ് പ്രതികരിച്ചത്.
മന്ത്രിക്കുട്ടി, കണ്ണ് അന്നും ഇന്നും ഒരുപോലെ, കുഞ്ഞു നാളത്തെ ഫോട്ടോയിൽ കുറുമ്പത്തരം കാണുന്നുണ്ട്, ഞങ്ങളുടെ സ്വന്തം മിനിസ്റ്റർ, ഉണ്ട കണ്ണൻ സഖാവിന് ശിശുദിനാശംസകൾ, അന്നും ഇന്നും കണ്ണിൽ ഗൗരവം അതുപോലെ ഉണ്ട്, സമരനീക്ഷ്ണമായ ഒരുകാലത്തേക്ക് കണ്ണുനട്ട്, ഇരുത്തം വന്ന ലുക്ക്, ചുമ്മാതല്ല വിദ്വേഷ വിഷനാവുകൾ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ…എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ഇന്ന് രാജ്യമെങ്ങും ശിശുദിനമായി ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്.
ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ മത്സരങ്ങളും റാലികളും മധുരപലഹാര വിതരണവും വിവിധ കേന്ദ്രങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി നടക്കുകയുണ്ടായി.