കൊച്ചി: പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള സിംഗ്ൾ ബെഞ്ച് ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആരോപണവിധേയനായ മുൻ സി.ഐ വിനോദ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പൊന്നാനി മുൻ സി.ഐ വിനോദ്, മുൻ എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈ.എസ്.പി വി വി ബെന്നി എന്നിവർക്കെതിരെയാണ് യുവതി പരാതി നല്കിയത്. തന്റെ പരാതിയിൽ തുടർ നടപടി ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിൽ പത്തുദിവസത്തിനകം തീരുമാനമെടുക്കാൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഇതിന് ആധാരമായ ഹൈക്കോടതി സിംഗ്ൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
വസ്തുസംബന്ധമായ പ്രശ്‌നത്തിൽ യുവതി ആദ്യം പൊന്നാനി സി.ഐ വിനോദിന് പരാതി നല്കിയിരുന്നു. പിന്നീട്, വിനോദ് വീട്ടിലെത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ഈ പരാതി ഡിവൈ.എസ്.പി ബെന്നിക്ക് കൈമാറിയെങ്കിലും ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. തുടർന്ന് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെ കണ്ട് പരാതിപ്പെട്ടു. ശേഷം സുജിത് ദാസും തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. അതേസമയം, പരാതിക്കാരി ഹണി ട്രാപ്പ് സംഘത്തിലെ ആളാണെന്നായിരുന്നു സി.ഐ വിനോദിന്റെ ആരോപണം.