ബെയ്‌റൂത്ത് – ലെബനോനില്‍ ഇസ്രായില്‍ മനുഷ്യക്കുരുതി തുടരുന്നു. രണ്ടിടങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ലെബനോന്റെ വടക്കേയറ്റത്തുള്ള അക്കാര്‍ ഏരിയയിലെ ഐന്‍ യഅ്ഖൂബ് ഗ്രാമത്തില്‍ ഇരുനില വീട് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയാണ് അക്കാര്‍ ഏരിയ. ഇവിടെ ആദ്യമായാണ് ഇസ്രായില്‍ ആക്രമണം നടത്തുന്നത്.
ലെബനോനില്‍ ഇസ്രായിലി അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ഥികള്‍ കഴിഞ്ഞ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയതെന്ന് അക്കാര്‍ മുനിസിപ്പല്‍ ഫെഡറേഷന്‍ പ്രസിഡന്റ് റോനി അല്‍ഹാജ് പറഞ്ഞു. ദക്ഷിണ ലെബനോനിലെ ടൈര്‍ ജില്ലയില്‍ പെട്ട സക്‌സകിയ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴു പേരും കൊല്ലപ്പെട്ടു. ഇസ്രായില്‍ ആക്രമണത്തില്‍ ലെബനോനില്‍ ഇതുവരെ 3,243 പേര്‍ കൊല്ലപ്പെടുകയും 14,134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 54 പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ഇസ്രായിലിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ല 165 ഓളം മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. മിസൈലുകള്‍ പതിച്ച് ഒരു ബാലന്‍ അടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. മിസൈലുകളില്‍ ഒരു ഭാഗം മിസൈല്‍ പ്രതിരോധ സംവിധാനം വഴി വെടിവെച്ചിട്ടു. ചില മിസൈലുകള്‍ തുറസ്സായ ഏരിയകളില്‍ പതിച്ചതായും ഇസ്രായില്‍ ആംബുലന്‍സ് സര്‍വീസ് വിഭാഗം അറിയിച്ചു.
ഹൈഫ, അക്ക, കരയോത്ത്, ശഫാ അംറ്, ഗലീലിയിലെ ഏതാനും പ്രദേശങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണങ്ങളുണ്ടായി. കിരിയാത് ആതയില്‍ ഏതാനും വാഹനങ്ങള്‍ കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
അതേസമയം, യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ണമായും നേടുന്നതുവരെ ലെബനോനില്‍ ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തില്ലെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്നും പുതിയ ഇസ്രായിലി പ്രതിരോധ മന്ത്രി യിസ്‌റായില്‍ കാട്‌സ് പറഞ്ഞു. പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മുതിര്‍ന്ന സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു യിസ്‌റായില്‍ കാട്‌സ്.
ഒക്‌ടോബര്‍ 26 ന് ഇസ്രായില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷം ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ എന്നെത്താക്കളും ദുര്‍ബലമാണ്. ഗാസയില്‍ ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അവരെ തിരികെ കൊണ്ടുവരാനും ഹമാസിന്റെ പരാജയം ഉറപ്പാക്കാനും ഞങ്ങള്‍ എല്ലാം ചെയ്യും – ഇസ്രായില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.