കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായപ്പോൾ അത്ലറ്റിക്സിൽ പുതു ചരിത്രമെഴുതി മലപ്പുറത്തിന് കന്നിക്കിരീടം.
1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്. 848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
അത്ലറ്റിക്സിൽ നാലുമത്സരം കൂടി ബാക്കി നിൽക്കെയാണ് കരുത്തരായ പാലക്കാടിനെയും എറണാകുളത്തെയും കോഴിക്കോടിനെയും മുട്ടുകുത്തിച്ച് മലപ്പുറം കിരീടം ഉറപ്പിച്ചത്.
233 പോയിന്റുമായാണ് മലപ്പുറം കുതിപ്പ് തുടരുന്നത്. 189 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് ജില്ലയാണ് രണ്ടാംസ്ഥാനത്തുള്ളത്. അവശേഷിക്കുന്ന നാലു മത്സരങ്ങളിലും പാലക്കാടിന് ഒന്നാം സ്ഥാനം ലഭിച്ചാൽ പോലും അത്ലറ്റിക്സിൽ മലപ്പുറത്തിന്റെ ശോഭ കെടുത്താനാവില്ലെന്നു വന്നതോടെയാണ് കിരീടനേട്ടം മലപ്പുറത്തിന്റെ അക്കൗണ്ടിൽ കുറിച്ചത്.
സ്കൂൾ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ കടകശ്ശേരി ഐഡിയൽ സ്കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാർ ബേസിൽ സ്കൂളാണ് മൂന്നാം സ്ഥാനത്ത്.