ദുബായ്: ദുബായ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ അവുക്കാദർ കുട്ടി നഹ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ യുഎഇ ഡൈനാമോസ് ഇരിക്കൂർ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ അരോമ റിസോർട്ട് മട്ടന്നൂരിനെ പരാജയപ്പെടുത്തിയാണ് ഡൈനാമോസ് ഇരിക്കൂർ ചാമ്പ്യന്മാരായത്. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
എസി മിലാൻ ഇന്‍റർനാഷണൽ അക്കാദമിയുടെ മുഖ്യ പരിശീലകനായ ആൽബെർട്ടോ ലകണ്ടേല ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. കേരളാ സന്തോഷ് ട്രോഫി താരം മുഹമ്മദ് അസ്ലം, അവുക്കാദർ കുട്ടി നഹയുടെ ഇളയ പുത്രൻ അൻവർ നഹാ, വിവിധ സ്പോൺസർമാർ, കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വി.സി. സൈതലവി, ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ് തിരൂരങ്ങാടി, ഗഫൂർ കാലടി, ഇർഷാദ് കുണ്ടൂർ, സാബിത്ത് തെന്നല, മുജീബ് മറ്റത്ത്, സാലിഹ് പുതുപ്പറമ്പ്, ഖയ്യൂം തുടങ്ങിയവർ അടങ്ങിയ കോർഡിനേഷൻ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും ടൂർണമെന്‍റിന് നേതൃത്വം നൽകി.