- അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, 62 പേര്‍ അറസ്റ്റില്‍
ജിദ്ദ – നെതര്‍ലാന്റ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ഫുട്‌ബോള്‍ മാച്ചിനു പിന്നാലെ ഇസ്രായിലി ഫുട്‌ബോള്‍ ക്ലബ്ബ് ആരാധകരും ഫലസ്തീന്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 62 പേരെ അറസ്റ്റ് ചെയ്തതായി ആംസ്റ്റര്‍ഡാം പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുമായോ അറസ്റ്റ് ചെയ്യപ്പെട്ടവരുമായോ ബന്ധപ്പെട്ട വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
യൂറോപ്പ ലീഗ് മാച്ചിന്റെ ഭാഗമായി ഡെച്ച് ക്ലബ്ബ് ആയ അജാക്‌സും ഇസ്രായിലി ക്ലബ്ബ് ആയ മെക്കാബി തെല്‍അവീവും തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനു മുമ്പും ശേഷവുമാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. ഡെച്ച് ടീമിന്റെ ഹോം സ്‌റ്റേഡിയത്തിനു പുറത്താണ് മത്സരത്തിനു മുമ്പും ശേഷവും മെക്കാബി ടെല്‍അവീവ് ആരാധകരും ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്.
ഇസ്രായിലി ക്ലബ്ബിന്റെ മത്സരത്തിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്ക് ആംസ്റ്റര്‍ഡാം മേയര്‍ ഫെംകെ ഹല്‍സെമ വിലക്കേര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായിലി ക്ലബ്ബ് ആരാധകര്‍ക്കു നേരെ ആക്രമണമുണ്ടായി. ഇസ്രായിലി ആരാധകരെ സംരക്ഷിക്കാനും അവരെ തിരികെ ഹോട്ടലുകളിലെത്തിക്കാനും പലതവണ പോലീസിന് ഇടപെടേണ്ടിവന്നു. വലിയ പോലീസ് സാന്നിധ്യമുണ്ടായിട്ടും ഏതാനും ഇസ്രായിലി ആരാധകര്‍ക്ക് പരിക്കേറ്റതായി ഡെച്ച് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആംസ്റ്റര്‍ഡാമിലുള്ള ഇസ്രായിലി പൗരന്മാരെ സഹായിക്കാന്‍ രണ്ടു റെസ്‌ക്യു വിമാനങ്ങള്‍ ഉടന്‍ അയക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ചു. ഫുട്‌ബോള്‍ കളി കാണാന്‍ പോയ ആരാധകര്‍ക്ക് യഹൂദ വിരുദ്ധത നേരിടേണ്ടിവന്നു, അവരുടെ ജൂതത്വവും ഇസ്രായിലിത്വവും കാരണം സങ്കല്‍പിക്കാനാവാത്ത ക്രൂരതയാണ് അവര്‍ക്ക് നേരിടേണ്ടിവന്നത് – ഇസ്രായിലി സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗവീര്‍ പറഞ്ഞു. ഇതൊരു ഗുരുതരമായ അപകടമാണ്. സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തിനും ഒരു മുന്നറിയിപ്പ് സൂചനയാണിതെന്ന് ഇസ്രായില്‍ പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗ് പറഞ്ഞു. ആംസ്റ്റര്‍ഡാമില്‍ ഇസ്രായിലികളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡെച്ച് പ്രധാനമന്ത്രി ഡിക്ക് ഷഖൂഫ് പറഞ്ഞു.
മത്സരം നടന്ന സ്റ്റേഡിയത്തിനു സമീപമുള്ള കെട്ടിടങ്ങളില്‍ തൂക്കിയിരുന്ന ഫലസ്തീന്‍ പതാകകള്‍ ഇസ്രായിലി ക്ലബ്ബ് ആരാധകര്‍ കീറിയെറിഞ്ഞതാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫലസ്തീന്‍ പതാകകള്‍ കീറിയവരെ ഫലസ്തീന്‍ അനുകൂലികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ഇസ്രായിലി ക്ലബ്ബിനെ നെദര്‍ലാന്റ്‌സ് ക്ലബ്ബ് പരാജയപ്പെടുത്തിയിരുന്നു. ആംസ്റ്റര്‍ഡാമിലെ അജാക്‌സ് ക്ലബ്ബ് യഹൂദ ക്ലബ്ബ് ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്.