ജിദ്ദ – പ്രവാചക പള്ളിയിലെ ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമായി. ഇന്ത്യയിലെ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മസ്ജിദുന്നബവി ഇമാം ഏതാനും ഇസ്‌ലാമിക് സെന്ററുകള്‍ സന്ദര്‍ശിക്കുകയും ന്യൂദല്‍ഹിയില്‍ അഹ്‌ലെ ഹദീസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ജംഇയ്യത്ത് ഉലമായെ ഹിന്ദ് ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്യും.
ഹറം മതകാര്യ വകുപ്പുമായി ഏകോപിപ്പിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന ഹറം ഇമാമുമാരുടെ സന്ദര്‍ശന പ്രോഗ്രാമിന്റെ ഭാഗമായാണ് ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ മനസ്സുകളില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുക, ഇസ്‌ലാമിന്റെ മിതവാദ സന്ദേശം പ്രകടമാക്കുക, ഇരു ഹറമുകളുടെയും ആഗോള സന്ദേശം അറിയിക്കുക, സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും മൂല്യങ്ങള്‍ സ്വീകരിക്കുക, ഇരു ഹറമുകളുടെയും ഇമാമുമാരുടെ സ്ഥാനവും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാനവികതയെയും സേവിക്കുന്നതില്‍ ഹറം ഇമാമുമാരുടെ മതപരമായ പങ്ക് എടുത്തുകാണിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് അടക്കമുള്ള കേന്ദ്രങ്ങളില്‍ ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.