റിയാദ് – പരീക്ഷ പൂര്‍ത്തിയായി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൗദി വിദ്യാര്‍ഥി സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് അതേ ബസിന്റെ പിന്‍വശത്തെ ടയറുകള്‍ കയറിയിറങ്ങി മരണപ്പെട്ടു. ഇന്റര്‍മീഡിയറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ 13 കാരന്‍ ബദ്ര്‍ ബിന്‍ മുഹമ്മദ് അല്‍ഹലാഫിയാണ് മരിച്ചത്. ബസിന്റെ ഡോറില്‍ ചാരിനിന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്രൈവര്‍ ഡോര്‍ ശരിയായ വിധത്തിൽ അടക്കാതിരുന്നതാണ് അപകടത്തിന് കാരണം.
അപകടത്തിന്റെ നൂറു ശതമാനം ഉത്തരവാദിത്തം യെമനിയായ ഡ്രൈവര്‍ക്കാണെന്നും സുരക്ഷാ നടപടികള്‍ ഡ്രൈവര്‍ പാലിച്ചിരുന്നില്ലെന്നും ട്രാഫിക് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. സംഭവത്തില്‍ ബസ് ഡ്രൈവറെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. അല്‍ഹായിര്‍ റോഡിലെ പ്രിന്‍സ് ഫഹദ് ബിന്‍ മുഹമ്മദ് ജുമാമസ്ജിദില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് അല്‍മന്‍സൂരിയ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.