പൊന്നാനി: മുസ്ലിംകളുടെ മദ്രസകൾ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളിൽ പരമോന്നത കോടതിയിൽ നിന്നുണ്ടായ വിധി ഇന്ത്യയുടെ മതേതരത്വം ഉയർത്തിപ്പിടിക്കുന്നതാണെന്നും അതിനാൽ തന്നെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പൊന്നാനിയിലെ “ജനകീയ കൂട്ടായ്മ”, “സമന്വയം” എന്നീ സാമൂഹ്യ വേദികളുടെ ചെയർമാൻ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു.
2004-ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. യു പി ഹൈക്കോടതിയുടെ വിധിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് ചൊവാഴ്ച തള്ളിക്കളഞ്ഞത്. വിഷയത്തിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും രാജ്യത്തെ സഹിഷ്ണുതക്കും സൗഹാർദത്തിനും ലഭിക്കുന്ന ഉറപ്പും പരിരക്ഷയുമാണെന്നും ഇയ്യിടെ കാലാവധി അവസാനിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ ഖാസിം കോയ വിശേഷിപ്പിച്ചു.
യുപിയിലെ മദ്രസ വിദ്യാഭ്യാസനയം നിയമവിരുദ്ധമല്ലെന്നും മദ്രസ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മദ്രസകളില്‍ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഉള്ള അവകാശം നിഷേധിക്കരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും കടുത്ത ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഉത്തമ മൂല്യങ്ങൾ മുറുകെപ്പിടിച്ചു കൊണ്ടുള്ളതായി സുപ്രീംകോടതി വിധിയെന്ന് ഖാസിം കോയ തുടർന്നു.
അടുത്തിടെ യു പി സർക്കാരിന്റെ മദ്രസ്സ വിരുദ്ധ നീക്കത്തിന് പിന്തുണയെന്നോണം സംസ്ഥാന സര്‍ക്കാരുകളോട് മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോട് ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്ന കാര്യവും ഖാസിം കോയ ചൂണ്ടിക്കാട്ടി.