- മാധ്യമങ്ങൾ ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ
- പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ
പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിന്റെ ഹസ്തദാനം നിരസിച്ച സംഭവത്തിൽ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാടിന് താൻ കൈ കൊടുത്തിട്ടുണ്ടെന്നും അതിനപ്പുറമുള്ള ഒരു കൈയും തനിക്ക് വേണ്ടെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. ‘കൈ വേണ്ട’ എന്ന് പറഞ്ഞ് പോയവർക്ക് ഇനി കൈ തരില്ലെന്നും ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യണമെന്നും ജനങ്ങൾക്ക് എല്ലാം മനസിലാകുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
അതിനിടെ, യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നടപടി ക്രൂരമായിപ്പോയെന്നും അഹംഭാവത്തിന് പരിധി വേണമെന്നും പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ പ്രതികരിച്ചു
രാഹുൽ മങ്കൂട്ടത്തിലിന് മാന്യത അറിയില്ല. സരിനോട് രാഹുൽ ക്ഷമാപണം നടത്തണമെന്നും എ.കെ ബാലൻ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തലിന്റെ നടപടി പത്തനംതിട്ടയുടെ സംസ്‌കാരമല്ല. കല്യാണവീട്ടിൽ വന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം. എന്തുകൊണ്ടാണ് മാങ്കൂട്ടത്തിൽ, കെ കരുണാകരന്റെ സ്മൃതി കൂടീരത്തിൽ പോകാതിരുന്നതെന്നും എ.കെ ബാലൻ ചോദിച്ചു.
പാലക്കാട്ടെ ഒരു ബി.ജെ.പി നേതാവിന്റെ മകളുടെ വിവാഹത്തിന് എത്തിയപ്പോഴാണ് കോൺഗ്രസ് വിട്ട് ഇടതിനോട് ചേർന്ന ഡോ. പി സരിന്റെ ഹസ്തദാനം പഴയ സഹപ്രവർത്തകരായ രാഹുൽ മാങ്കൂട്ടത്തിലും വടകര എം.പിയായ ഷാഫി പറമ്പിലും നിരസിച്ചത്. രാഹുലിനെയും ഷാഫിയെയും സരിൻ പലവട്ടം ഉറക്കെ പേര് വിളിച്ചെങ്കിലും ഇരുവരും തിരിഞ്ഞുനോക്കാതെ, അവഗണിച്ച് നടന്ന് പോവുകയായിരുന്നു. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ഇരുകൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ നിറയുകയാണ്.