തിരുവനന്തപുരം: കേരളത്തിൽ ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിന് പുറമെ, മുസ്‌ലിം ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയതായി റിപോർട്ട്. ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാക്കിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ തന്നെയാണ് ഈ ഗ്രൂപ്പിന്റെയും അഡ്മിൻ.
കാർഷിക വകുപ്പ് ഡയറക്ടർ അദീല അബ്ദുല്ല ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ടതോടെ, എന്താണിതെന്ന് അവർ ചോദിച്ചപ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നാണ് കെ ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. എന്നാൽ, ഗ്രൂപ്പ് താൻ ഉണ്ടാക്കിയതല്ലെന്നും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കെ ഗോപാലകൃഷ്ണൻ പറഞ്ഞു. സംഭവം വിവാദമായതോടെ ഈ ഗ്രൂപ്പും മണിക്കൂറുകൾക്കകം ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥരെയും മതനിരപേക്ഷ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചാണ് ഹിന്ദു, മുസ്‌ലിം ഐ.എ.എസ് ഓഫീസർമാരെ വെവ്വേറെ ഗ്രൂപ്പുകളാക്കി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്, മല്ലു മുസ്‌ലിം ഓഫീസേഴ്‌സ് ഗ്രൂപ്പ് എന്നി പേരുകളിലാണ് ഗ്രൂപ്പുണ്ടാക്കിയത്. വിഭാഗീയമായ ഈ നീക്കം ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണൻ സൈബർ പോലീസിന് പരാതി നൽകിയിട്ടുണ്ട്.
ആരോ തന്റെ നമ്പർ വഴി 11 ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ടെന്ന് കെ ഗോപാലകൃഷ്ണൻ പറഞ്ഞു. നാലു ദിവസമായി തുടങ്ങിയിട്ട്. ഒന്നും തന്റെ അറിവോടെയല്ല. വിഷയത്തിൽ താൻ നിരപരാധിയാണെന്നും പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
തന്റെ ഫോൺ ഹാക്ക് ചെയ്ത് കോണ്ടാക്ട് ലിസ്റ്റിലുള്ളവരെയാണ് ഗ്രൂപ്പിൽ ആഡ് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. സംഭവത്തിൽ മറ്റു ഗൂഢാലോചനകൾ ഇപ്പോൾ സംശയിക്കുന്നില്ലെന്നും പോലീസ് അന്വേഷിച്ച് കൂടുതൽ വ്യക്തത വരുത്തട്ടെയെന്നും കെ ഗോപാലകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് കുറ്റവാളികളെ പിടികൂടാനാണ് ശ്രമമെന്ന് പോലീസ് പറഞ്ഞു. ഈ രണ്ട് ഗ്രൂപ്പിന് പുറമെ വേറെയും ഗ്രൂപ്പുകളുണ്ടാക്കിയിട്ടുണ്ടോ, എന്താണ് ലക്ഷ്യം എന്നതടക്കം കൂടുതൽ അന്വേഷണത്തിലൂടെ കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.