- വിധി ദു:ഖകരമെന്നും അപ്പീൽ പോവുമെന്നും ആർ.എസ്.എസ് നേതാവ് വൽസൺ തില്ലങ്കേരി
തലശ്ശേരി: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന ഇരിട്ടി കീഴൂരിലെ പുന്നാട് അശ്വിനി കുമാറി(27)നെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയൊഴികെ മറ്റെല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം.വി മർഷൂക്ക് (38) മാത്രമാണ് കേസിലെ കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് വിധിച്ചു.
കേസിലെ പ്രതികളായിരുന്ന ബാക്കി 13 എൻ.ഡി.എഫ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. കുറ്റവാളിക്കുള്ള ശിക്ഷ ഈ മാസം നാലിന് വിധിക്കും.
2005 മാർച്ച് പത്തിന് രാവിലെ 10.15-ന് കണ്ണൂരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കിൽ വച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രാസംഗികനും പാരലൽ കോളേജ് അധ്യാപകനുമായിരുന്നു കൊല്ലപ്പെട്ട അശ്വിനി കുമാർ.
കേസിലെ പ്രതികളുമായി വ്യക്തിബന്ധമോ വിരോധമോ ഇല്ലാതിരുന്ന വ്യക്തി, മതപരമായ അസഹിഷ്ണുതയുടെ പേരിൽ ക്രൂരമായി കൊല ചെയ്യുപ്പെടുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ബി.പി ശശീന്ദ്രൻ പറഞ്ഞു. 13 പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും തെളിവെടുപ്പ് നടത്തുന്നതിലും വീഴ്ചയുണ്ടായെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
കോടതി കുറ്റവാളിയായി കണ്ടെത്തിയ ചാവശ്ശേരിയിലെ ഷരീഫ മൻസിലിൽ എം.വി മർഷൂക്കിന് പുറമെ, മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ അസീസ് (38), ശിവപുരത്തെ പുതിയ വീട്ടിൽ പി.എം സിറാജ് (38), ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ യുനസ് (43), ശിവപുരം എ.പി ഹൗസിൽ സി.പി ഉമ്മർ (40), ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ അലി (45), കൊവ്വമൽ നൗഫൽ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം വീട്ടിൽ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49), ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ ഷമ്മാസ് (35), കെ ഷാനവാസ് (44), ബഷീർ (40) എന്നിവരാണ് വിചാരണ നേരിട്ടത്. വിചാരണ നേരിട്ട ഈ 13 പേർക്കെതിരെയും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.സി നൗഷാദ്, അഡ്വ. രഞ്ജിത് മാരാർ എന്നിവർ ഹാജരായി. വിധി ദു:ഖകരമാണെന്ന് ആർ.എസ്.എസ് നേതാവ് വൽസൺ തില്ലങ്കേരി പറഞ്ഞു. കേസിൽ അപ്പീൽ പോവുമെന്നും വൽസൺ വ്യക്തമാക്കി.