- ഊര്‍ജ പരിവര്‍ത്തന മേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു – മന്ത്രി
റിയാദ് – കഴിഞ്ഞ ആറോ ഏഴോ വര്‍ഷത്തിനിടെ ഊര്‍ജ പരിവര്‍ത്തന മേഖലയില്‍ സൗദി അറേബ്യ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്രയും കുറഞ്ഞ കാലയളവിനുള്ളില്‍ ഊര്‍ജ പരിവര്‍ത്തന മേഖലയില്‍ സൗദി അറേബ്യ കൈവരിച്ചതിന് സമാനമായ നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരു രാജ്യവും ലോകത്തില്ല. സൗദി അറേബ്യയുടെ നിഘണ്ടുവില്‍ അസാധ്യം എന്നൊരു വാക്കില്ല എന്നാണ് ഈ നേട്ടങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ തരം ഊര്‍ജവും കയറ്റി അയക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.
പുനരുപയോഗ ഊര്‍ജത്തില്‍നിന്ന് സൗദി അറേബ്യ 44 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. സ്വീഡനിലെ സ്ഥാപിത ശേഷിയുടെ 90 ശതമാനത്തിനും ബ്രിട്ടനിലെ സ്ഥാപിത ശേഷിയുടെ 50 ശതമാനത്തിനും സ്വിറ്റ്‌സര്‍ലന്റിലെയും ഓസ്ട്രിയയിലെയും സ്ഥാപിത ശേഷിയുടെ 100 ശതമാനത്തിനും തുല്യമാണിത്. സൗദി നിര്‍മിത ഗ്രീന്‍ ഹൈഡ്രജന്‍ വിപണനം ചെയ്യാന്‍ സൗദി അറാംകൊ, സാബിക് അധികൃതര്‍ ലോകം ചുറ്റുന്നു. അനുയോജ്യമായ നിരക്കില്‍ ഏതളവിലും ഗ്രീന്‍ ഹൈഡ്രജന്‍ നല്‍കാന്‍ സൗദി അറേബ്യ ഒരുക്കമാണ്. 2012 ല്‍ സൗദി അറേബ്യ ഊര്‍ജ കാര്യക്ഷമതാ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഇരുപതു സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ 2013 നും 2016 നും ഇടയില്‍ പൂര്‍ത്തിയാക്കി. പതിനൊന്നു വര്‍ഷത്തിനിടെ സൗദി അറേബ്യ ഊര്‍ജ കാര്യക്ഷമതാ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും നേടിയതുമായി താരതമ്യം ചെയ്യാവുന്നതാണ്.
ഊര്‍ജ പരിവര്‍ത്തന, ഊര്‍ജ കാര്യക്ഷമതാ മേഖലയില്‍ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങള്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് രാജ്യങ്ങള്‍ 50 വര്‍ഷത്തിനിടെ കൈവരിച്ച നേട്ടങ്ങള്‍ക്ക് സമാനമാണെന്നും ഊര്‍ജ മന്ത്രി പറഞ്ഞു.
540 ബഹുരാഷ്ട്ര കമ്പനികള്‍ ഇതിനകം സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഇക്കാര്യത്തില്‍ വിഷന്‍ 2030 ലക്ഷ്യം ഇതിനകം മറികടന്നു. 2030 ഓടെ 500 ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം വിദേശ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകള്‍ പത്തിരട്ടി വര്‍ധിച്ചു. 2016 ല്‍ വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനം 70 ശതമാനം തോതില്‍ വര്‍ധിച്ചു.
വിഷന്‍ പദ്ധതികള്‍ എണ്ണയിതര മേഖലയില്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ വാര്‍ഷിക വളര്‍ച്ചക്ക് സഹായിച്ചു. ജി-20 രാജ്യങ്ങളില്‍ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക വളര്‍ച്ച സൗദി അറേബ്യയിലാണ്. മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക കേന്ദ്രമാണ് സൗദി അറേബ്യ. മേഖലാ യുദ്ധവും ചെങ്കടലിലെ സംഘര്‍ഷങ്ങളും സൗദി അറേബ്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപങ്ങള്‍ നടത്താനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ഫണ്ട് ഡയറക്ടര്‍ യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു. നിയോം, ഖിദിയ, റെഡ്‌സീ അടക്കം 92 കമ്പനികള്‍ ഫണ്ട് സൗദിയില്‍ സ്ഥാപിച്ചു. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 900 ബില്യണ്‍ ഡോളറിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഫണ്ട് നിക്ഷേപങ്ങളില്‍ 30 ശതമാനം വിദേശങ്ങളിലാണ്. ഇത് 18 മുതല്‍ 20 ശതമാനം വരെയായി കുറക്കാന്‍ പദ്ധതിയുണ്ട്. 2017 ല്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ആരംഭിച്ച ശേഷം ഇതുവരെ 125 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്ക് ഇനീഷ്യേറ്റീവ് വഴിയൊരുക്കിയതായും യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു.