തൃശൂർ: തൃശൂർ പൂരവിവാദത്തിൽ മാധ്യമ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ‘പ്ലീസ് മൂവ് ഔട്ട്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
താൻ പൂരസ്ഥലത്തേക്ക് പോയത് ആംബുലൻസിലല്ല, ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ കാറിലാണെന്നും പൂരപ്രമികളെ പോലീസ് തല്ലിയത് ചോദിക്കാനാണ് പോയതെന്നും ഇന്നലെ ചേലക്കരയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.
സുരേഷ് ഗോപിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ അടക്കം പലരും ചിത്രങ്ങൾ സഹിതം രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയുടെ പുതിയ വാദത്തിന് തിരുത്തുമായി ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റും രംഗത്തുവരികയുണ്ടായി. തന്റെ കാറിലും ആംബുലൻസിലുമായാണ് സുരേഷ് ഗോപി പുരസ്ഥലത്തേക്ക് പോയതെന്നായിരുന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രതികരിച്ചത്.
ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളുമായാണ് മാധ്യമങ്ങൾ ഇന്ന് കേന്ദ്രമന്ത്രിയെ സമീപിച്ചതെങ്കിലും പുറത്ത് പോകണമെന്നാവശ്യപ്പെട്ട് പ്രതികരിക്കാൻ കൂട്ടാക്കാതിരിക്കുകയായിരുന്നു സുരേഷ് ഗോപി.