കൊച്ചി: നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ കെയുആര്‍ടിസി ലോ ഫ്‌ളോര്‍ എസി ബസ് പൊടുന്നനെ ഓഫായി തീപ്പടര്‍ന്ന് കത്തിയമർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ തക്ക സമയത്ത് പുറത്തിറക്കാന്‍ കഴിഞ്ഞതിനാലും സമീപത്ത് പെട്രോള്‍ പമ്പോ മറ്റു തീ പടരാന്‍ ഇടയുള്ള സാഹചര്യമോ ഇല്ലാത്തതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. എറണാകുളത്തു നിന്ന് തൊടുപുഴയ്ക്കു പോകുകയായിരുന്ന ബസാണ് കത്തിയത്. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് എംജി റോഡിലേക്ക് കടക്കുന്നതിന് മുമ്പാണ് സംഭവം. റോഡില്‍ തിരക്കില്ലാത്തതും തുണയായി.
ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ എഞ്ചിന്‍ പെട്ടന്ന് ഓഫ് ആകുകയായിരുന്നു. തുടര്‍ന്ന് തീപ്പിടുത്ത മുന്നറിയിപ്പായി ബസിലെ ഫയര്‍ അലാം മുഴങ്ങുകയും ചെയ്തു. ബസിനു പിറകില്‍ പുക ഉയരുന്നതായി പുറത്തുള്ളവര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഉടന്‍ ഡ്രൈവര്‍ വാതില്‍ തുറന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 28 പേരാണ് ബസിലുണ്ടായിരുന്നത്. പിറകില്‍ തീ ആളിപ്പടരുന്നതിന് മുമ്പായി എല്ലാവരേയും പുറത്തെത്തിച്ചു. സമീപത്തെ കടകളിലുണ്ടായിരുന്ന ചിലര്‍ക്ക് പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം ഉണ്ടായി. ഇവരെ ആശുപത്രിയിലെത്തിച്ചു.
തീ ആളിപ്പടരുന്നത് തടയാന്‍ സമീപത്തുള്ളവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റുകളെത്തി അര മണിക്കൂര്‍ ശ്രമിച്ചാണ് തീ പൂര്‍ണമായും അണച്ചത്. ബസിന്റെ ഇന്ധന ടാങ്കിലേക്ക് തീ പടരുന്നതിന് മുമ്പായി തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ സ്‌ഫോടനം ഒഴിവായി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രഥാമിക നിഗമനം. വിശദമായ പരിശോധന ആരംഭിച്ചു.