ദുബായ്: ദുബായില്‍ കെട്ടിട വാകയും പ്രോപര്‍ട്ടി വിലയും നിലവിലെ സ്ഥിതിയില്‍ തന്നെ തുടരുമെന്നും 18 മാസങ്ങള്‍ക്കു ശേഷം കുറയുമെന്നും രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബലിന്റെ വിലയിരുത്തല്‍. വിപണിയില്‍ സ്തംഭനാവസ്ഥ ഉണ്ടാക്കിയ കോവിഡ് മഹാമാരിക്കു ശേഷം തുടക്കമിട്ട ഒട്ടേറെ വന്‍കിട നിര്‍മാണ പദ്ധതികളാണ് വാടകയും വിലയും കുറയാന്‍ സാഹചര്യമൊരുക്കുന്നത്. പുതിയ പദ്ധതികള്‍ സപ്ലൈ വര്‍ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം പ്രാദേശിക, വിദേശ നിക്ഷേപകരില്‍ നിന്നും നല്ല ഡിമാന്‍ഡുമുണ്ട്. കൂടാതെ വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കിയതും അനുകൂല ഘടകമായി. മേഖലയിലെ സംഘര്‍ഷങ്ങള്‍ ദുബായ് വിപണിയെ സ്വാധീനിക്കില്ലെന്നും ദുബായ് പ്രൊപര്‍ട്ടി വിപണി കരുത്തോടെ തുടരുമെന്നും എസ്ആന്റ്പി വിലയിരുത്തുന്നു.
2025ല്‍ കെട്ടിട ലഭ്യത വര്‍ധിക്കുന്നതോടെ വാടക വര്‍ധന കുറയും. ആദ്യം പ്രൈം ഗണത്തില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളിലും പിന്നീട് മറ്റിടങ്ങളിലുമായി അടുത്ത 18 മാസത്തിനിടെ ആദ്യം വാടക സ്ഥിര നിരക്കിലെത്തുകയും പിന്നീട് കുറഞ്ഞ് തുടങ്ങുകയും ചെയ്യുമെന്നാണ് പ്രവചനം. ലഭ്യത വര്‍ധിക്കുന്നതാണ് വിലയും വാടകയും കുറയാന്‍ സാഹചര്യമൊരുക്കുക.
2025-2026 വര്‍ഷത്തില്‍ റെസിഡന്‍ഷ്യല്‍ യൂനിറ്റുകളുടെ വിതരണം 1,82,000 യുനിറ്റുകളായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2022-2023 വര്‍ഷത്തില്‍ മുന്‍കൂര്‍ വില്‍പ്പന നടത്തിയ യുനിറ്റുകള്‍ ഉടമകള്‍ക്ക് കൈമാറുന്നതോടെയാണ് ഈ വര്‍ധന കൈവരിക്കുക. 2019-2023 കാലത്തെ പ്രതിവര്‍ഷ ശരാശരി 40,000 യൂനിറ്റുകള്‍ ആയിരുന്നു.
ദുബായിലെ ജനസംഖ്യയുടെ വാര്‍ഷിക വര്‍ധന 2025-26 വര്‍ഷത്തില്‍ 3.5 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഡിമാന്‍ഡ് ഈ വര്‍ധനയേയും നിക്ഷേപ ഡിമാന്‍ഡിനേയും ആശ്രയിച്ചാണിരിക്കുന്നത്. ഡെലിവറിയില്‍ നിലവില്‍ 2024ല്‍ ഇതുവരെയുള്ള വര്‍ധന 2023നോട് ഒപ്പമെത്തിയിട്ടില്ല. നിര്‍മാണ രംഗത്തെ പലഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത് അസാധാരണമല്ലെന്നും എസ്ആന്റ്പി വിദഗ്ധര്‍ വിലയിരുത്തുന്നു.
2026ല്‍ ദുബായിലെ ജനസംഖ്യ 40 ലക്ഷമായി ഉയരുമെന്നാണ് എസ്ആന്റ്പി ഗ്ലോബലിന്റെ പ്രവചനം. റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ദുബായ് വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഏറെ കാലം നീണ്ടു നില്‍ക്കുന്ന ഒരു ഇസ്രായില്‍-ഇറാന്‍ സംഘര്‍ഷത്തിന് സാധ്യതയില്ല. അതു കൊണ്ട് മേഖലയിലെ സംഘര്‍ഷം ദുബായ് സമ്പദ്ഘടനയെ സ്വാധീനിക്കില്ല. സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനത്തോട് അടുത്തു തന്നെ തുടരുമെന്നും എസ്ആന്റ്പി ഗ്ലോബല്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.